സംസ്ഥാന ജയിൽ വകുപ്പിന്റെ മാസ്ക് നിർമ്മാണത്തിന് വൻ സ്വീകാര്യത

സംസ്ഥാന ജയിൽ വകുപ്പിന്റെ മാസ്ക് നിർമ്മാണത്തിന് വൻ സ്വീകാര്യത

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സംസ്ഥാന ജയിൽ വകുപ്പിന്റെ മാസ്ക് നിർമ്മാണത്തിന് വൻ സ്വീകാര്യത. സെൻട്രൽ ജയിലുകളിൽ നിർമ്മിക്കുന്ന മാസ്‌ക്കുകൾ നിലവിൽ ആരോഗ്യവകുപ്പിനാണ് കൈമാറുന്നത്. ജയിലുകളിൽ സാനിറ്റൈസറുകൾ നിർമ്മിക്കുന്ന കാര്യവും ജയിൽ വകുപ്പ് പരിഗണിക്കുന്നുണ്ട്.

 

ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ നിർദ്ദേശത്തെ തുടർന്നാണ് കണ്ണൂർ, വിയ്യൂർ, പൂജപ്പുര എന്നീ സെൻട്രൽ ജയിലുകളിൽ മാസ്ക് നിർമ്മാണം ആരംഭിച്ചത്. ഈ ജയിലുകൾ കൂടാതെ സംസ്ഥാനത്തെ വനിതാ ജയിലുകളിലും, തുറന്ന ജയിലുകളിലും ചെറിയ തോതിൽ മാസ്‌കുകൾ നിർമ്മിക്കുന്നുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ രണ്ടായിരത്തിലധികം മാസ്‌കുകൾ ജയിലുകളിൽ നിർമ്മിച്ച് ആരോഗ്യ വകുപ്പിന് കൈമാറി.

ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ മാർഗനിർദ്ദേശത്തിലാണ് മാസ്‌കുകൾ നിർമ്മിക്കുന്നത്. ലിനൻ തുണിയിൽ നിർമ്മിക്കുന്നതിനാൽ വീണ്ടും ഉപയോഗിക്കാൻ കഴിയുമെന്നത് മാസ്‌കുകളുടെ പ്രത്യേകതയാണ്. സാമൂഹ്യനീതി വകുപ്പാണ് നിർമ്മാണത്തിനാവശ്യമായ സാധനങ്ങൾ ലഭ്യമാക്കുന്നത്.

 

പൂർണമായും അണുവിമുക്തമാക്കിയാണ് മാസ്‌കുകൾ കൈമാറുന്നത്. പുറത്ത് 25 രൂപയ്ക്ക് ലഭിക്കുന്ന മാസ്‌കുകൾ ജയിൽ വകുപ്പ് നൽകുന്നത് വെറും എട്ടു രൂപയ്ക്കാണ്. സംസ്ഥാനം ഒറ്റക്കെട്ടായി ഒരു വിപത്തിനെ നേരിടുമ്പോൾ ജയിൽ അധികൃതരും ഉദ്യോഗസ്ഥരും അന്തേവാസികളും ചേർന്ന് നടത്തുന്ന ഈ പ്രവർത്തനത്തെ അഭിനന്ദിക്കാതിരിക്കാൻ കഴിയിയല്ല.

Share this story