കൊവിഡ് 19; ആലപ്പുഴ ജില്ലയിൽ 4497 പേർ നിരീക്ഷണത്തിലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ

കൊവിഡ് 19; ആലപ്പുഴ ജില്ലയിൽ 4497 പേർ നിരീക്ഷണത്തിലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ

കൊവിഡ് 19 വൈറസ് ബാധയുണ്ടോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലയിൽ 4497 പേർ നിരീക്ഷണത്തിലാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പുതുതായി 713 പേരെ നിരീക്ഷണത്തിലുൾപ്പെടുത്തി. പരിശോധനയ്ക്കയച്ച 142 സാമ്പിളുകളിൽ ഫലം ലഭിച്ച 132 എണ്ണം നെഗറ്റീവ് ആണെന്നും ജില്ലാ മെഡിക്കൾ ഓഫീസർ അറിയിച്ചു. അതേസമയം, പത്ത് പേരിൽ കൂടുതൽ കൂട്ടം ചേരുന്നത് ആലപ്പുഴയിൽ നിരോധിച്ചു. ആലപ്പുഴയിൽ കല്യാണം, യോഗങ്ങൾ, പരിശീലനം, സെമിനാർ, പ്രാർത്ഥന തുടങ്ങിയുള്ള മറ്റ് ചടങ്ങുകൾ എന്നിവയ്ക്ക് 10 പേരിൽ കൂടുതൽ ചേരുന്നത് നിരോധിച്ചതായി കളക്ടർ അറിയിച്ചു.

കൊറോണ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണിത്. സർക്കാരിന്റെ നിർദേശത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടികൾ ഉൾപ്പടെ സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു. ആലപ്പുഴ ടൗൺ ഹാളിൽ കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സർക്കാർ ജാഗ്രതാ നിർദേശം പാലിക്കാതെ വിവാഹം വിപുലമായി നടത്തിയവർക്കെതിരെ കേസ് എടുത്തിരുന്നു. മാർച്ച് 15 ന് ഷമീർ അഹമ്മദ് എന്നയാളുടെ മകളുടെ വിവാഹമാണ് സർക്കാരിന്റെ നിർദേശങ്ങൾ അവഗണിച്ചുകൊണ്ട് നടന്നത്. ഇദ്ദേഹത്തിന് തഹസിൽദാർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

60 പേരിൽ കൂടുതൽ ആളുകൾ വിവാഹത്തിൽ പങ്കെടുക്കില്ലെന്ന ഉറപ്പ് നൽകുകയും ചെയ്തിരുന്നതാണ്. എന്നാൽ ഈ ഉറപ്പ് ലംഘിക്കുകയും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ പോലും സ്വീകരിക്കാതെ ആയിരത്തിലധികം ആളുകൾ വിവാഹത്തിന് എത്തിച്ചേരുകയും ചെയ്തു.തുടർന്ന് ഷമീർ അഹമ്മദിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

Share this story