തദ്ദേശ വോട്ടര്‍ പട്ടിക 27ന് ; പേര് ചേര്‍ക്കാന്‍ രണ്ടവസരം കൂടി

തദ്ദേശ വോട്ടര്‍ പട്ടിക 27ന് ; പേര് ചേര്‍ക്കാന്‍ രണ്ടവസരം കൂടി

കാസര്‍ഗോഡ് ഒഴികെയുളള മറ്റ് ജില്ലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടര്‍ പട്ടിക 27 ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു. പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് പേര് ചേര്‍ക്കുന്നതിന് രണ്ട് അവസരങ്ങള്‍ കൂടി നല്‍കും.

മട്ടന്നൂര്‍ നഗരസഭ ഒഴികെയുളള സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലെയും നിലവിലെ വോട്ടര്‍പട്ടിക ജനുവരി 20 ന് കരടായി പ്രസിദ്ധീകരിച്ച് പേര് ചേര്‍ക്കുന്നതിനും മറ്റുമുളള അപേക്ഷകള്‍ മാര്‍ച്ച് 16 വരെ സ്വീകരിച്ചിരുന്നു. അവ സംബന്ധിച്ച തുടര്‍നടപടികള്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ 25ന് പൂര്‍ത്തീകരിക്കും. അന്തിമ വോട്ടര്‍പട്ടിക ഈ മാസം 27ന് പ്രസിദ്ധീകരിക്കും. കൊവിഡ്-19 വൈറസ് ബാധയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ ജാഗ്രത നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ തുടര്‍ നടപടികള്‍ ഏപ്രില്‍ മൂന്നിന് പൂര്‍ത്തിയാക്കി ആറിന് പട്ടിക പ്രസിദ്ധീകരിക്കും.

തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അവ പൂര്‍ത്തിയായാല്‍ ഉടന്‍ പുതിയ വാര്‍ഡുകളെ അടിസ്ഥാനമാക്കി ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്ന വോട്ടര്‍പട്ടിക കരടായി വീണ്ടും പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് അപ്പോഴും അപേക്ഷ സമര്‍പ്പിക്കാം. കരട്പട്ടികയിലെ മറ്റ് ആക്ഷേപങ്ങള്‍ പരിഹരിക്കുന്നതിനും അവസരം ഉണ്ടാകും.
2020-ലെ പൊതു തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുന്‍പ് പേര് ചേര്‍ക്കുന്നതിന് ഒരവസരം കൂടി നല്‍കും. അപ്പോള്‍ ലഭിക്കുന്ന അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചുകൊണ്ടായിരിക്കും കമ്മീഷന്‍ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുക. അത്തരത്തില്‍ തയ്യാറാക്കുന്ന വോട്ടര്‍പട്ടികയാണ് തദ്ദേശ പൊതു തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുകയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു.

Share this story