ഐസോലേഷനിൽ നിന്നും മുങ്ങിയ ആൾ കയറിയത് കെഎസ്ആർടിസിയിൽ; കുടുങ്ങിയത് യാത്രക്കാരും

ഐസോലേഷനിൽ നിന്നും മുങ്ങിയ ആൾ കയറിയത് കെഎസ്ആർടിസിയിൽ; കുടുങ്ങിയത് യാത്രക്കാരും

തിരുവനന്തപുരത്ത് കൊറോണ വൈറസ് സംശയിച്ച് ഐസോലേഷനിൽ കഴിഞ്ഞിരുന്ന ആൾ ആശുപത്രിയിൽ നിന്നും മുങ്ങി നേരെ കയറിയത് കെ എസ് ആർ ടി സി ബസിൽ. ഇതോടെ കുടുങ്ങിയത് ബസിലുണ്ടായിരുന്ന യാത്രക്കാരാണ്. ബസ് പാതിവഴിക്ക് യാത്ര അവസാനിപ്പിച്ചു. ജീവനക്കാർ അടക്കം ബസിലുണ്ടായിരുന്ന 26 പേരോടും വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനും അധികൃതർ നിർദേശിച്ചു

ബസ് അണുവിമുക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരമാണ് മെഡിക്കൽ കോളജ് ഐസോലേഷനിൽ നിന്നും കാട്ടാക്കട ഊരൂട്ടമ്പലം സ്വദേശി ചാടിപ്പോയത്. ആശുപത്രി അധികൃതർ ഇയാളെ പിന്തുടർന്നെങ്കിലും ഇയാൾ തമ്പാനൂരിൽ നിന്നും കിളിമാനൂർ ഭാഗത്തേക്കുള്ള ബസിൽ കയറി.

മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ആളാണ് താനെന്നും പത്ത് രൂപ നൽകണമെന്നും ബസിലുള്ള യാത്രക്കാരോട് ഇയാൾ അഭ്യർഥിച്ചു. അപ്പോഴേക്കും എത്തിയ പോലീസ് ഇയാളെ പിടികൂടുകായയിരുന്നു. തുടർന്ന് പ്രത്യേക ആംബുലൻസിൽ മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു

ഈ സമയം കഥയൊന്നുമറിയാതെ ബസിന്റെ ഡ്രൈവർ ബസ് മുന്നോട്ട് എടുത്തിരുന്നു. അധികൃതരുടെ നിർദേശത്തെ തുടർന്ന് പട്ടം പി എസ് സി ഓഫീസിന് സമീപം യാത്ര അവസാനിപ്പിക്കുകയും ബസിലുണ്ടായിരുന്നവരോട് നീരീക്ഷണത്തിൽ പോകാൻ നിർദേശിക്കുകയുമായിരുന്നു

Share this story