കൊവിഡ് 19; കാസർഗോഡ് ജില്ലയിൽ പുതിയതായി 6 പേർക്ക് കൂടി വൈറസ് ബാധ

കൊവിഡ് 19; കാസർഗോഡ് ജില്ലയിൽ പുതിയതായി 6 പേർക്ക് കൂടി വൈറസ് ബാധ

കാസർകോട് ജില്ലയിൽ പുതിയതായി 6 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 14 ആയി. ജില്ലയിൽ കൊവിഡ് 19 ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ഇതിനിടയിൽ കൊറോണ സ്ഥിരീകരിച്ച ഏരിയാൽ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. ജില്ലയിൽ പുതിയതായി കൊവിഡ് 19 സ്ഥിരീകരിച്ച ആറു പേരും ദുബായിൽ നിന്ന് വന്നവരാണ്.

ഉപ്പള, കുഡ്‌ലു, പൂച്ചക്കാട്, മൊഗ്രാൽ, കളനാട്, തളങ്കര എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കൊവിഡ് സ്ഥിരീകരിച്ചവർ. ഇതിൽ രണ്ടു പേരെ ജനറൽ ആശുപത്രിയിലും നാലുപേരെ ജില്ലാശുപത്രിയിലും ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. നിയന്ത്രണങ്ങൾ ലംഘിച്ച് പൊതു ഇടങ്ങളിൽ പെരുമാറിയെന്ന കുറ്റത്തിന് കൊറോണ സ്ഥിരീകരിച്ച ഏരിയാൽ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു.

ഇന്ത്യൻ ശിക്ഷാ നിയമം 269 വകുപ്പ് പ്രകാരമാണ് കേസ്. ആറു മാസം വരെ കഠിന തടവ് കിട്ടാവുന്ന വകുപ്പാണ് ഇത്. ഇയാളുടെ പ്രാഥമിക സഞ്ചാര പാതയാണ് ഇതിനകം ജില്ലാ ഭരണകൂടം പുറത്തു വിട്ടത്. ഇത് പ്രകാരം സമ്പർക്ക പട്ടിക തയാറാക്കി ആളുകളെ നിരീക്ഷണമേർത്തുന്നുണ്ട്. വിശദമായ അന്വേഷണം നടത്തി സമ്പർക്കപ്പട്ടിക വിപുലമാക്കാനുള്ള നടപടികൾ ജില്ലയിൽ പുരോഗമിക്കുകയാണ്.

Share this story