കൊവിഡ് 19 : മലപ്പുറത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊവിഡ് 19 : മലപ്പുറത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊവിഡ് 19 ഭീഷണി തുടരുന്ന സാഹചര്യത്തിൽ മലപ്പുറത്ത് നിരോധനാജ്ഞ. സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിറകെയാണ് മലപ്പുറത്ത് 144 നിലവിൽ വന്നത്. ഈ മാസം 31 വരെയാണ് നിയന്ത്രണങ്ങൾ.

 

കൊവിഡ് 19 വൈറസിന്റെ സമൂഹ വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് നാല് പേർക്ക് രോഗബാധ സ്ഥിരീകരിച്ച മലപ്പുറത്ത് നിയന്ത്രണങ്ങൾ കർശനമാക്കി. ഇതിന്റെ ഭാഗമായി മാർച്ച് 31 അർധരാത്രി വരെ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉത്തരവ് പ്രകാരം അഞ്ചിലധികം ആളുകൾ കൂട്ടം കൂടി നിൽക്കരുത്. ആശുപത്രികളിൽ സന്ദർശകരെ അനുവദിക്കില്ല. കൂട്ടിരിപ്പുകാർ ഒന്നിലധികം പാടില്ല.

ആരാധനാലയങ്ങളിൽ കൂട്ട പ്രാർത്ഥനകൾ അനുവദിക്കില്ല. വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിടണം. വിവാഹം ഉൾപ്പെടെ ചടങ്ങുകളിൽ ഒരേസമയം പത്തിൽ കൂടുതൽ ആളുകൾ പാടില്ലന്നും വിവാഹ തിയതിയും സ്ഥലവും വില്ലേജ് ഓഫിസിലും പൊലീസ് സ്റ്റേഷനിലും അറിയിക്കണമന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ നിയന്ത്രണങ്ങളിൽ ഉൾപ്പെടും.

 

പുതിയതായി 1,900 പേർക്കുകൂടി ജില്ലയിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ഇതോടെ നിലവിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 9,294 ആയി. 15 പേരാണ് ഐസൊലേഷൻ വാർഡുകളിൽ. ഇതുവരെ വൈറസ് സ്ഥിരീകരിച്ചവരിൽ ഏറെയും വിദേശത്ത് നിന്ന് എത്തിയവർ ആയതിനാൽ ഏതൊരു അടിയന്തിര സാഹചര്യത്തെയും നേരിടാനാണ് ഏറ്റവും കൂടുതൽ പ്രവാസികളുള്ള മലപ്പുറത്തിന്റെ മുന്നൊരുക്കം.

Share this story