പാത്രമടിച്ചാൽ കൊറോണ വൈറസ് ചാകും; മോഹൻലാൽ പറഞ്ഞതിൽ ആത്മീയ സത്യമുണ്ടെന്ന് ശോഭാ സുരേന്ദ്രൻ

പാത്രമടിച്ചാൽ കൊറോണ വൈറസ് ചാകും; മോഹൻലാൽ പറഞ്ഞതിൽ ആത്മീയ സത്യമുണ്ടെന്ന് ശോഭാ സുരേന്ദ്രൻ

കൊറോണ പ്രതിരോധത്തിൽ മോഹൻലാലിന്റെ വാദഗതിയെ പിന്തുണച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ. മോഹൻലാൽ നൽകിയ അതിമനോഹര വ്യാഖ്യാനത്തെ കുറേയാളുകൾ കടന്നാക്രമിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ശോഭ പറഞ്ഞു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ആളുകളെന്താണ് കാര്യങ്ങളെ ഇങ്ങനെ യാന്ത്രികമായി മനസ്സിലാക്കുന്നത് എന്നു മനസ്സിലാകുന്നില്ല. ചില കാര്യങ്ങള്‍ ചിലര്‍ തെറ്റായി മനസ്സിലാക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ആളുകളെ, വലിയ സാമൂഹികാംഗീകാരവും പ്രതിഭയും പ്രതിബദ്ധതയുമുള്ള ആളുകളെപ്പോലും അവഹേളിക്കുകയും ചെയ്യുന്നു. ജനതാ കര്‍ഫ്യൂ ദിനത്തില്‍ എല്ലാവരും ചേര്‍ന്നു കൈകള്‍ കൂട്ടിയടിച്ച് ആരോഗ്യപ്രവര്‍ത്തകരോടു നന്ദി പറയണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ആഹ്വാനത്തിനു മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ നല്‍കിയ അതിമനോഹര വ്യാഖ്യാനത്തെ കുറേയാളുകള്‍ കടന്നാക്രമിച്ചുകൊണ്ടേയിരിക്കുകയാണ്. നിങ്ങള്‍ക്ക് അദ്ദേഹം പറഞ്ഞതിനെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണു വേണ്ടത്. എന്നിട്ടും അതു കഴിയുന്നില്ലെങ്കില്‍ അത് നിങ്ങളുടെ പരിമിതിയാണ്; അതിന് മോഹന്‍ലാലിന്റെ വാക്കുകളെ കുറ്റം പറഞ്ഞിട്ടും ചെറുതാക്കി കാണിച്ചിട്ടും കാര്യമില്ല.

കൈയടിച്ച് നമ്മളെല്ലാവരും ചേര്‍ന്ന് ആരോഗ്യ സേവകര്‍ക്ക് നന്ദി പറയുമ്പോള്‍ അതൊരു പ്രാര്‍ത്ഥന പോലെ ആയിത്തീരുന്നു എന്നും നമ്മെ എല്ലാവരെയും ഒരുപോലെ ബാധിച്ചിരിക്കുന്ന സര്‍വ അണുക്കളും ആ പ്രാര്‍ത്ഥനയുടെ ശക്തിയിൽ നശിച്ചു തുടങ്ങട്ടെ എന്നു നമുക്കു പ്രത്യാശിക്കാം എന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞതിന്റെ കാതല്‍. അതിലെന്താണ് തെറ്റെന്ന് മനസ്സിലാകുന്നില്ല. സദുദ്ദേശത്തോടെ നാം കൂട്ടായി ചെയ്യുന്ന ഏതു പ്രവര്‍ത്തിക്കും പ്രാര്‍ത്ഥനയുടെ ഊര്‍ജ്ജമുണ്ട് എന്നത് എത്രയോ കാലങ്ങളായി ഭാരതവും ലോകം തന്നെയും അംഗീകരിച്ച കാര്യമാണ്. അതിനര്‍ത്ഥം എല്ലാവരും ചേര്‍ന്നു കയ്യടിച്ചാല്‍ വൈറസ് നശിച്ചുപോകും എന്നല്ല. ഏത് മതവിഭാഗത്തിന്റെ ആരാധനാലയത്തിലാണ് കൂടിച്ചേരലുകള്‍ ഇല്ലാത്തത്? അക്രമം ചെയ്യാനല്ല, സര്‍വേശ്വരനോട് പ്രാര്‍ത്ഥിക്കാനാണല്ലോ അത്തരം കൂടിച്ചേരലുകള്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതു വരെ എല്ലാ മതവിശ്വാസികളും അത്തരം കൂട്ടായ പ്രാര്‍ത്ഥനകളുടെ ഭാഗമായിട്ടുമുണ്ട്. മഹാമാരിയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ എന്ന പ്രാര്‍ത്ഥന അവിടങ്ങളില്‍ നിന്നുയരുന്നതിനെ ആരെങ്കിലും പരിഹസിക്കാറുണ്ടോ; വൈറസിനെ നശിപ്പിക്കാന്‍ ഇവര്‍ ദാ, ഭഗവാനെ വിളിക്കുന്നു, നിസ്‌കരിക്കുന്നു, കുര്‍ബാന നടത്തുന്നു എന്ന് ആരെങ്കിലും കളിയാക്കി പറഞ്ഞാല്‍ അത് എത്രയോ വലിയ അവഹേളനമായിരിക്കും. അതുപോലെതന്നെയാണ് ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി രാജ്യം മുഴുവന്‍ ഒരൊറ്റ ആഹ്വാനത്തിന്റെ കരുത്തില്‍ വീട്ടില്‍ നിന്ന് ഇറങ്ങാതിരുന്നതും, മതവും ജാതിയും രാഷ്ട്രീയവുമെല്ലാം മറന്ന് കയ്യടിച്ചും പാത്രങ്ങള്‍ മുട്ടിയും ആരോഗ്യപ്രവര്‍ത്തകരോടുള്ള നന്ദി അറിയിച്ചതും. അതൊരു പ്രാര്‍ത്ഥനാ നിര്‍ഭരമായ സായാഹ്നം തന്നെയായിരുന്നു; രോഗഭീതിയില്‍ നിന്നു നമ്മളെ മുക്തരാക്കിയ ഊര്‍ജ്ജമാണ് ആ ശബ്ദഘോഷത്തില്‍ പ്രതിഫലിച്ചത്.
മോഹന്‍ലാല്‍ പറഞ്ഞതില്‍ വലിയ ആത്മീയ സത്യമുണ്ട്; അദ്ദേഹത്തെ അവഹേളിച്ച് ഇനിയും നിങ്ങള്‍ സ്വയം ചെറുതാകരുത്.

ആളുകളെന്താണ് കാര്യങ്ങളെ ഇങ്ങനെ യാന്ത്രികമായി മനസ്സിലാക്കുന്നത് എന്നു മനസ്സിലാകുന്നില്ല. ചില കാര്യങ്ങള്‍ ചിലര്‍ തെറ്റായി…

Posted by Sobha Surendran on Monday, March 23, 2020

Share this story