സംസ്ഥാനത്ത് ഇന്ന് മുതൽ സമ്പൂർണ ലോക്ക് ഡൗൺ; ഏർപ്പെടുത്തിയത് കടുത്ത നിയന്ത്രണങ്ങൾ

സംസ്ഥാനത്ത് ഇന്ന് മുതൽ സമ്പൂർണ ലോക്ക് ഡൗൺ; ഏർപ്പെടുത്തിയത് കടുത്ത നിയന്ത്രണങ്ങൾ

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതൽ സമ്പൂർണ ലോക്ക് ഡൗൺ. ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്കും ഐജിമാർക്കും സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകി. മതിയായ കാരണങ്ങളില്ലാതെ സഞ്ചരിക്കുന്നവർക്കെതിരെ കേസെടുക്കും.

അവശ്യ സാധനങ്ങളുടെ ലഭ്യത സർക്കാർ ഉറപ്പു വരുത്തും. അവശ്യ സർവീസായി പ്രഖ്യാപിച്ച വിഭാഗങ്ങൾക്ക് പോലീസ് പാസ് നൽകും. കാസർകോട് ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിൽ നാല് എസ് പിമാർക്കാണ് ഏകോപന ചുമതല. സംസ്ഥാനത്ത് 93 പേരാണ് നിലവിൽ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്. നാല് പേർ രോഗവിമുക്തി നേടി ആശുപത്രി വിട്ടിരുന്നു

ലോക്ക് ഡൗണിൽ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. അവശ്യ സാധനങ്ങൾ ലഭിക്കും. ഭക്ഷണവസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകുന്നേരം അഞ്ച് മണി വരെ പ്രവർത്തിക്കും. അതേസമയം കാസർകോട് ജില്ലയിൽ കടകൾ രാവിലെ 11 മണി മുതൽ അഞ്ച് മണി വരെയാകും തുറക്കുക.

പൊതുഗതാഗത സംവിധാനങ്ങളോ ടാക്‌സി സർവീസുകളോ ഉണ്ടായിരിക്കില്ല. അത്യാവശ്യ ഘട്ടത്തിൽ മാത്രം ഓട്ടോ, ടാക്‌സി സർവീസുകൾ അനുവദിക്കും. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർ അടക്കം രണ്ട് പേർക്ക് മാത്രമേ സഞ്ചരിക്കാൻ സാധിക്കു.

ആശുപത്രികൾ സാധാരണ പോലെ പ്രവർത്തിക്കും. പെട്രോൾ പമ്പുകൾക്കും വിലക്കില്ല. ബാറുകൾ അടച്ചിടും. ബെവ്‌കോ ഔട്ട് ലെറ്റുകൾ കർശന നിരീക്ഷണത്തിൽ പ്രവർത്തിക്കും. ആരാധാനലയങ്ങളിൽ കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. അതേസമയം പാഴ്‌സൽ വാങ്ങി കൊണ്ടുപോകാനും ഹോം ഡെലിവറിയും അനുവദിക്കും. ബാങ്കുകൾ ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമേ പ്രവർത്തിക്കു.

Share this story