സമൂഹ വ്യാപനം എന്ന വാള്‍ നമ്മുടെ തലയ്ക്ക് മുകളിലുണ്ട്: മുഖ്യമന്ത്രി

സമൂഹ വ്യാപനം എന്ന വാള്‍ നമ്മുടെ തലയ്ക്ക് മുകളിലുണ്ട്: മുഖ്യമന്ത്രി

കൊവിഡ് 19 വൈറസിന്റെ സമൂഹ വ്യാപനം എന്ന വാള്‍ നമ്മുടെ തലയ്ക്ക് മുകളിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു അപകട മേഖലയിലാണ് നാം നില്‍ക്കുന്നത്.

സമൂഹ വ്യാപനം എന്ന അപകടത്തിലേക്ക് എത്തിയിട്ടില്ല. അത് ഉണ്ടാകാതിരിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹ വ്യാപനത്തിലേക്ക് എത്താതിരിക്കുന്നതിനുള്ള ജാഗ്രത എല്ലാവരും കാണിക്കണം. ഞാനും നിങ്ങളുമെന്ന വ്യത്യാസമില്ലാതെ എല്ലാവരും ജാഗ്രത പുലര്‍ത്തനം. കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നത് നാടിനോടും വരും തലമുറയോടുമുള്ള ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ പ്രദേശത്തും വ്യത്യസ്തരായ ആളുകളുണ്ട്. സ്വന്തമായി ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്തവരും സാഹചര്യം ഇല്ലാത്തവരും ഉണ്ടാകാം. ആര്‍ക്കും ഭക്ഷണം കിട്ടാത്ത അവസ്ഥ ഉണ്ടാകില്ല. സംസ്ഥാനത്ത് ആരും പട്ടിണി കിടക്കാന്‍ ഇടവരില്ല. ഭക്ഷണം ഉണ്ടാക്കാനാകാത്തവര്‍ക്ക് വീടുകളില്‍ ഭക്ഷണം എത്തിക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം ഏറ്റെടുക്കണം.

അവര്‍ അതിനുവേണ്ടി കമ്യൂണിറ്റി കിച്ചണ്‍ ഉണ്ടാക്കും. ഓരോ പഞ്ചായത്തിലുമുള്ള കമ്യൂണിറ്റി കിച്ചണില്‍ നിന്ന് പാകം ചെയ്ത ഭക്ഷണം ഇത്തരം കുടുംബങ്ങളിലേക്ക് എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story