കൊവിഡ് 19: നിരീക്ഷണച്ചട്ടം ലംഘിച്ച് നാട്ടിലേക്ക് മുങ്ങി കൊല്ലം സബ് കലക്ടർ

കൊവിഡ് 19: നിരീക്ഷണച്ചട്ടം ലംഘിച്ച് നാട്ടിലേക്ക് മുങ്ങി കൊല്ലം സബ് കലക്ടർ

കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട നിരീക്ഷണച്ചട്ടം ലംഘിച്ച് നാട്ടിലേക്ക് മുങ്ങി കൊല്ലം ജില്ലാ കലക്ടർ അനുപം മിശ്ര. ഈ മാസം 19ന് വിദേശത്തു നിന്ന് മടങ്ങിയെത്തിയ അനുപം മിശ്രയോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനാണ് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഇന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. ഫോണിൽ ബന്ധപ്പെട്ടപ്പോൾ കാൺപൂരിലെ വീട്ടിൽ ആണെന്നാണ് അദ്ദേഹം അറിയിച്ചത്.

 

ഉത്തരവാദിത്തപ്പെട്ട ആരോടും പറയാതെയാണ് അദ്ദേഹം കൊല്ലത്തെ വീട്ടിൽ നിന്ന് കടന്നുകളഞ്ഞത്. വിഷയത്തിൽ സ്ഥിരീകരണം ഉണ്ടായതിനു ശേഷം പ്രതികരിക്കാമെന്നാണ് ജില്ലാ ഭരണകൂടത്തിൻ്റെ നിലപാട്. 20016 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനാണ് അനുപം മിശ്ര.

 

അതേ സമയം, സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 9 പേർ കണ്ണൂർ ജില്ലക്കാരാണ്. മൂന്ന് പേർ വീതം കാസർഗോടും മലപ്പുറത്തും. തൃശൂരിൽ രണ്ട് പേർ. ഇടുക്കിയിലും വയനാട്ടിലും ഓരോരുത്തർ വീതം. നിലവിൽ സംസ്ഥാനത്ത് ചികിത്സയിൽ ഉള്ളവർ 126 പേരാണ്. ഇതോടെ ആകെ വൈറസ് ബാധിച്ചവർ 138 ആയി. ആറു പേർ രോഗവിമുക്തരായിരുന്നു.

 

രോഗ വിമുക്തരായ ആറു പേരിൽ എറണാകുളത്ത് ചികിത്സയിലായിരുന്ന മൂന്ന് കണ്ണൂർ സ്വദേശികളെയും രണ്ട് വിദേശ പൗരന്മാരെയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. പത്തനംതിട്ടയിൽ ചികിത്സയിലായിരുന്ന ഒരാളുടെ ഫലം നെഗറ്റീവ് ആണ്.

Share this story