കൊറോണ പ്രതിരോധത്തിന്‌ സന്നദ്ധ സേന; തയ്യാറാകുന്നത് 2,36,000 യുവാക്കൾ

കൊറോണ പ്രതിരോധത്തിന്‌ സന്നദ്ധ സേന; തയ്യാറാകുന്നത് 2,36,000 യുവാക്കൾ

സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കാനായി പ്രത്യേക സന്നദ്ധ സേനയെ രംഗത്തിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഇടപെട്ട് സഹായിക്കാൻ പ്രത്യേക സന്നദ്ധ സേനക്ക് രൂപം നൽകാൻ പ്രളയത്തിന് ശേഷം സർക്കാർ തീരുമാനിച്ചിരുന്നു.

22 മുതൽ 40 വയസ്സ് വരെ പ്രായമുള്ള ആളുകളെയാണ് സന്നദ്ധ സേനയിലേക്ക് തയ്യാറാക്കുക. 236,000 പേർ അടങ്ങുന്നതാകും സന്നദ്ധ സേന. 941 പഞ്ചായത്തുകളിൽ 200 വീതവും 87 മുൻസിപ്പാലിറ്റികളിൽ 500 പേർ വീതവും ആറ് കോർപറേഷനുകളിലായി 750 പേർ വീതവും അടങ്ങുന്ന പ്രവർത്തകരാണ് സന്നദ്ധ സേനയിലുണ്ടാകുക.

ഇവരുടെ യാത്രാ ചെലവ് തദ്ദേശ സ്ഥാപനങ്ങൾ വഹിക്കും. ഓൺലൈൻ രജിസ്‌ട്രേഷൻ വഴിയാണ് സേനയിൽ പേര് ചേർക്കുക. സേനയിൽ അംഗങ്ങളാകുന്ന എല്ലാവർക്കും തിരിച്ചറിയൽ കാർഡ് നൽകും. താത്പര്യമുള്ള യുവജനങ്ങൾ സാമൂഹ്യ ചുമതല ഏറ്റെടുക്കാൻ അർപ്പണ ബോധത്തോടെ മുന്നോട്ടു വരണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. ഭക്ഷ്യവസ്തുക്കൾ വീട്ടിൽ എത്തിച്ചു നൽകുന്നതടക്കമുള്ള സഹായങ്ങളാകും സന്നദ്ധ സേന നിർവഹിക്കുക.

Share this story