കാസർഗോഡ് ആകെ രോഗബാധിതരുടെ എണ്ണം 81 ആയി; ഇനി ലഭിക്കാനുള്ളത് 308 പേരുടെ പരിശോധന ഫലങ്ങൾ

കാസർഗോഡ് ആകെ രോഗബാധിതരുടെ എണ്ണം 81 ആയി; ഇനി ലഭിക്കാനുള്ളത് 308 പേരുടെ പരിശോധന ഫലങ്ങൾ

കാസർഗോട് പുതുതായി 34 പേർക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 81 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരും ഉണ്ട്. ഇനി ലഭിക്കാനുള്ളത് 308 പേരുടെ പരിശോധന ഫലങ്ങളാണ്. സ്ഥിതി ഗുരുതരമാകുമോ എന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പ്. ജില്ലയിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

സംസ്ഥാനത്തു തന്നെ ആശങ്കയുണ്ടാക്കുന്നതാണ് കാസർകോട് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ കണക്ക്. ഇതിൽ സമ്പർക്കപ്പട്ടികയിൽപ്പെട്ടവരുടെ എണ്ണം കൂടുന്നു എന്നത് സാഹചര്യത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നു. ഇന്ന് മാത്രം 34 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതിൽ 11 പേർ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരാണ്. ഇതിൽ 11, 16 വയസ്സുള്ള കുട്ടികളും ഉൾപ്പെടുന്നു. 22 പേർ വിദേശത്തു നിന്ന് നാട്ടിൽ എത്തിയവരാണ്. ഇവർ നാട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

ജില്ലയിൽ ഇതുവരെയായി പ്രാഥമിക സമ്പർക്ക പട്ടികയിൽ 16 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ കുടുംബാംഗങ്ങളാണിവർ.

വരും ദിവസങ്ങളിൽ കൂടുതൽ പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യാനിടയുണ്ടെന്നാണ് ആരോഗ്യ വകുപ്പിൻ്റെ വിലയിരുത്തൽ. ഇത് മുന്നിൽ കണ്ട് കൂടുതൽ അടിയന്തര നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടന്നു. കാസർഗോട് മെഡിക്കൽ കോളേജിൻ്റെ ഒ പി ബ്ലോക്കിലെ 3 നിലകളിൽ കൊവിഡ് 19 ആശുപത്രിക്കായി ബെഡുകൾ തയാറാക്കി. ഐസിഎംആറിൻ്റെ അനുമതി കിട്ടുന്നതോടെ പെരിയ കേന്ദ്ര സർവകലാശാലയിലും സാമ്പിൾ പരിശോധ നടത്താനാകും. ഇതോടെ 24 മണിക്കൂറിൽ 250ഓളം സാമ്പിളുകളുടെ ഫലമറിയാം.

ജില്ലയില്‍ 6085 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 103 പേര്‍ ആശുപത്രികളിലും മറ്റുള്ളവർ വീടുകളിലും നിരീക്ഷണത്തിലാണ്. സമൂഹ വ്യാപനത്തിൻ്റെ ആശങ്ക നിലനിൽക്കുന്ന ജില്ലയിൽ നിയന്ത്രണങ്ങൾ ഒന്നുകൂടി കർശനമാകും.

Share this story