ഏത്തമിടീക്കൽ; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ഏത്തമിടീക്കൽ; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന് ആളുകളെക്കൊണ്ട് ഏത്തമിടീപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവം ഡിജിപി അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം.

 

അതേസമയം, യതീഷ് ചന്ദ്രയുടെ നടപടിയെ മുഖ്യമന്ത്രി വിമർശിച്ചു. അത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്റെ യശസിനെ പ്രതികൂലമായി ബാധിക്കുന്നതാണ് നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റ വിശദീകരണം നേടി. ഐജിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി ഡിജിപി പറഞ്ഞു. എസ് പി യതീഷ് ചന്ദ്രയുടേത് ശരിയായ നടപടിയല്ലെന്നും ഡിജിപി പറഞ്ഞു.

 

കണ്ണൂർ അഴീക്കലിലായിരുന്നു വിവാദ സംഭവം നടന്നത്. ലോക്ക് ഡൗണിനിടെ കൂട്ടം കൂടി നിന്ന ആളുകളെക്കൊണ്ട് യതീഷ് ചന്ദ്ര ഏത്തമിടീപ്പിക്കുകയായിരുന്നു. ലോക്ക് ഡൗൺ നിർദേശങ്ങൾ ജനങ്ങൾ അനുസരിക്കാത്തതിനാണ് ഏത്തമിടീപ്പിച്ചതെന്നായിരുന്നു യതീഷ് ചന്ദ്രയുടെ വിശദീകരണം.

Share this story