പത്തനംതിട്ടയിൽ ഇറ്റലിയിൽ നിന്നെത്തിയവർ ഉൾപ്പെടെ അഞ്ച് പേരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ ഇറ്റലിയിൽ നിന്നെത്തിയവർ ഉൾപ്പെടെ അഞ്ച് പേരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

ഇറ്റലിയിൽ നിന്നെത്തി പത്തനംതിട്ടയിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേർ ഉൾപ്പെടെ അഞ്ച് പേരുടേയും ഫലം നെഗറ്റീവ്. എന്നാൽ ഇവരുമായി ബന്ധപ്പെട്ട മറ്റ് നാല് പേർ ഇപ്പോഴും പോസിറ്റീവായി തുടരുകയാണ്.

ഫലം നെഗറ്റീവായ അഞ്ച് പേരെ ഡിസ്ചാർജ് ചെയ്യുന്നത് സംബന്ധിച്ച് ഇന്ന് ചേരുന്ന മെഡിക്കൽ ബോർഡ് തീരുമാനം എടുക്കും. മാർച്ച് എട്ടിന് പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികളും ഇവരുടെ രണ്ട് ബന്ധുക്കളുമാണ് ഇപ്പോൾ രോഗ മുക്തി നേടിയത്.

കഴിഞ്ഞ മൂന്ന് ആഴ്ചകളായി ഇവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതേ സമയം ഇവരുടെ പ്രഥമിക പട്ടികയിൽ ഉൾപ്പെട്ട് രോഗം സ്ഥിരീകരിച്ച നാല് പേർ ഇപ്പോഴും പോസിറ്റീവായി തന്നെ തുടരുകയാണ്.

ജില്ലയിൽ വിവിധ ആശുപത്രികളിലായി 17 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത് ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡിഎംഒ എ എൽ ഷീജ പറഞ്ഞു. വിദേശത്ത് നിന്നെത്തിയ 3935 പേരുൾപ്പെടെ 7873 ആളുകളാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്.

ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ജില്ലയിൽ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. പുറത്ത് ഇറങ്ങുന്നവരെ കണ്ടെത്താൻ ഡ്രോണുകൾ ഉപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്.

Share this story