കൂടുതൽ പോലീസ് പായിപ്പാടേക്ക്, തൊഴിലാളികളെ ലാത്തിവീശി ഓടിച്ചു; ഗൂഢാലോചനയെന്ന് കലക്ടർ

കൂടുതൽ പോലീസ് പായിപ്പാടേക്ക്, തൊഴിലാളികളെ ലാത്തിവീശി ഓടിച്ചു; ഗൂഢാലോചനയെന്ന് കലക്ടർ

നാട്ടിലേക്ക് പോകാൻ വാഹനം സംഘടിപ്പിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ സംഘടിച്ച പായിപ്പാടേക്ക് കൂടുതൽ പോലീസ് സംഘം എത്തുന്നു. കോട്ടയം എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പായിപ്പാടേക്ക് എത്തുന്നത്.

സ്ഥലത്ത് അവശേഷിച്ച തൊഴിലാളികളെ പോലീസ് ലാത്തി വീശി ഓടിച്ചു. തൊഴിലാളികളെല്ലാം ക്യാമ്പുകളിലേക്ക് മടങ്ങിപ്പോയിട്ടുണ്ട്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലും തൊഴിലാളികൾ സംഘടിച്ച് റോഡിൽ ഇറങ്ങിയത് സർക്കാരിനെ തന്നെ ഞെട്ടിച്ചിരുന്നു. കൊവിഡ് ഭീതി നിലനിൽക്കെ ഇത്രയും പേർ ഒന്നിച്ച് പ്രതിഷേധിച്ചത് കനത്ത ആശങ്കക്കും വഴിവെച്ചിട്ടുണ്ട്

അതിനിടെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ചങ്ങനാശ്ശേരിയിൽ ഉന്നതതല യോഗം ചേർന്നു. മന്ത്രി പി തിലോത്തമൻ, പത്തനംതിട്ട, കോട്ടയം ജില്ലാ കലക്ടർമാർ, കോട്ടയം എസ് പി എന്നിവർ യോഗത്തിൽ പങ്കെടുത്തു. തൊഴിലാളികളെ സംഘടിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കലക്ടർ യോഗത്തിൽ അറിയിച്ചു.

തൊഴിലാളികളെ നാട്ടിലേക്ക് അയക്കുമെന്ന തരത്തിൽ ചില വാട്‌സാപ്പ് സന്ദേശങ്ങൾ ഇവർക്കിടയിലേക്ക് പ്രചരിപ്പിച്ചിരുന്നു. സന്ദേശം പ്രചരിപ്പിച്ച ഫോൺ നമ്പറുകൾ പോലീസ് നിരീക്ഷിക്കുകയാണ്. പായിപ്പാട് പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.

Share this story