സംസ്ഥാനത്തെ ബാങ്കുകളുടെ സമയക്രമത്തിൽ മാറ്റം

സംസ്ഥാനത്തെ ബാങ്കുകളുടെ സമയക്രമത്തിൽ മാറ്റം

സംസ്ഥാനത്തെ ബാങ്കുകളുടെ സമയക്രമത്തിൽ മാറ്റം. ഏപ്രിൽ നാലാം തിയതി വരെ രാവിലെ പത്ത് മുതൽ നാല് മണി വരെ ബാങ്കുകൾ പ്രവർത്തിക്കും. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ നേരത്തെ പത്ത് മുതൽ രണ്ട് മണി വരെയായിരുന്നു പ്രവൃത്തി സമയം ക്രമീകരിച്ചിരുന്നത്.

എന്നാൽ സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണമടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് പുതിയ തീരുമാനം. ബാങ്കുകളുടെ പ്രവർത്തനം ഒന്നിടവിട്ടുള്ള ദിവസങ്ങളിലാക്കണമെന്ന ആവശ്യം ശക്തമായതിനിടെയാണ് നിലവിലെ സമയം നീട്ടിയത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ബാങ്ക് ശാഖകളിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി പുതിയ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

സാമൂഹ്യ പെൻഷൻ വാങ്ങാൻ സംസ്ഥാനത്തെ ബാങ്കുകളുടെ മുന്നിൽ ആളുകളുടെ നീണ്ട നിരയാണുള്ളത്. സുരക്ഷാ മുൻ കരുതലുകൾ ഇല്ലാതെ മിക്കവരും ബാങ്കില്‍ വരുന്നു. വയോധികർ അടക്കമുള്ളവരാണ് ബാങ്കുകൾക്ക് മുന്നിൽ തിക്കി തിരക്കുന്നത്.

സ്ഥിതി ആശങ്ക ജനകമാണെന്നാണ് സർക്കാർ വിലയിരുത്തൽ. രണ്ട് മാസത്തെ സാമൂഹ്യ പെൻഷൻ വാങ്ങുന്നതിന് രാവിലെ തന്നെ ബാങ്കുകൾക്ക് മുന്നിൽ വയോധികരടക്കം നിരവധി പേരാണ് എത്തിയത്. കൊവിഡ് 19 ന്റ പശ്ചാത്തലത്തിൽ പെട്ടെന്ന് ആളുകൂടിയതോടെ ബാങ്കുകൾക്കും ഇത് നിയന്ത്രിക്കാൻ പറ്റാതായി.

മതിയായ സുരക്ഷാ മുൻ കരുതലുകൾ ഒന്നും ഇല്ലാതെയാണ് പലരും എത്തിയത്. മാസ്‌കോ സാനിറ്റൈസറോ പോലുള്ള സുരക്ഷാ ക്രമീകരണങ്ങളൊന്നും ബാങ്കുകളും ലഭ്യമാക്കിയിരുന്നില്ല. കിടപ്പു രോഗികളെപ്പോലും പലരും ബാങ്കിന് മുന്നിലേക്ക് എത്തിച്ചു.

Share this story