പായിപ്പാട്ടെ പ്രതിഷേധം: ഗൂഢാലോചന കണ്ടെത്താനുറച്ച് പോലീസ്; സംഘം ചേർന്നതിന് കേസെടുത്തു

പായിപ്പാട്ടെ പ്രതിഷേധം: ഗൂഢാലോചന കണ്ടെത്താനുറച്ച് പോലീസ്; സംഘം ചേർന്നതിന് കേസെടുത്തു

കോട്ടയം ചങ്ങനാശ്ശേരി പായിപാട് ഇതര സംസ്ഥാന തൊഴിലാളികൾ ലോക്ക് ഡൗൺ ലംഘിച്ച് റോഡിലിറങ്ങി പ്രതിഷേധിച്ചതിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. സംഘം ചേർന്നതിന് ഇന്നലെ തന്നെ കേസ് രജിസ്റ്റർ ചെയ്തു. തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ പോലീസ് തെരച്ചിൽ നടത്തി. നിരവധി പേരെ ചോദ്യം ചെയ്തു

എറണാകുളം റേഞ്ച് ഐജി മഹേഷ്‌കുമാർ കാളിരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമായിരുന്നു. ഇതേ കുറിച്ച് അന്വേഷിക്കാൻ മന്ത്രി പി തിലോത്തമൻ ഇന്നലെ തന്നെ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കാൻ ശ്രമിക്കുന്ന ചില ശക്തികൾ ഇതിന് പിന്നിലുള്ളതായി സൂചന ലഭിച്ചതായി മുഖ്യമന്ത്രിയും വ്യക്തമാക്കി.

നാട്ടിലേക്ക് പോകാൻ വാഹനങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് ആയിരത്തോളം വരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ റോഡിൽ സംഘടിച്ചത്. സംസ്ഥാനം കൊവിഡ് പ്രതിരോധങ്ങൾ ശക്തമായി കൊണ്ടുപോകുന്നതിനിടെയായിരുന്നു ആശങ്ക പടർത്തി ഇവരുടെ പ്രതിഷേധം. മണിക്കൂറുകൾ നീണ്ട ചർച്ചക്കൊടുവിലാണ് രണ്ട് മണിയോടെ ഇവർ പിരിഞ്ഞു പോകാൻ തയ്യാറായത്. ഇവരെ പറഞ്ഞിളക്കി വിട്ടവരെ കുറിച്ച് തനിക്ക് സൂചനയുണ്ടെന്ന് ജില്ലാ കലക്ടറും ഇന്നലെ പറഞ്ഞിരുന്നു.

Share this story