മദ്യം ലഭിക്കാത്തതിനെ തുടർന്നുള്ള വിഭ്രാന്തി; സംസ്ഥാനത്ത് ഒരാൾ കൂടി ജീവനൊടുക്കി

മദ്യം ലഭിക്കാത്തതിനെ തുടർന്നുള്ള വിഭ്രാന്തി; സംസ്ഥാനത്ത് ഒരാൾ കൂടി ജീവനൊടുക്കി

ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മദ്യം ലഭിക്കാത്തതിനെ തുടർന്നുള്ള മാനസിക പ്രയാസം താങ്ങാനാകാതെ കെട്ടിട നിർമാണ തൊഴിലാളി ആത്മഹത്യ ചെയ്തു. തൃശ്ശൂർ വെങ്ങിണിശ്ശേരി സ്വദേശി ഷൈബു(47)ആണ് മരിച്ചത്. ആറാട്ടുകടവ് ബണ്ട് ചാലിൽ മുങ്ങി മരിച്ച നിലയിലാണ് ഷൈബുവിനെ കണ്ടെത്തിയത്.

സംസ്ഥാനത്ത് ഇതിനോടകം എട്ട് പേരാണ് മദ്യം ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്. തൃശ്ശൂർ തന്നെയായിരുന്നു ആദ്യ മരണം. കുന്നംകുളം സ്വദേശി സനോജ് വീട്ടുവളപ്പിൽ തൂങ്ങിമരിക്കുകയായിരുന്നു. മദ്യം ലഭിക്കാത്തിനെ തുടർന്ന് അസ്വസ്ഥനായിരുന്നു സനോജ്

കൊല്ലം കുണ്ടറയിൽ എസ് കെ ഭവനിൽ സുരേഷ് തൂങ്ങി മരിക്കുകയായിരുന്നു. സ്ഥിരം മദ്യപാനിയായ ഇയാൾ രണ്ട് ദിവസം മാനസിക വിഭ്രാന്തി കാണിച്ചതിന് പിന്നാലെയാണ് തൂങ്ങിമരിച്ചത്. കണ്ണൂർ അഞ്ചരക്കണ്ടിയിൽ വെളിച്ചം സ്വദേശി വിജിൽ കെ സിയും മദ്യലഭ്യത ഇല്ലാതായതോടെ തൂങ്ങിമരിച്ചു. ഇയാളും സ്ഥിരം മദ്യപാനിയാണ്

എറണാകുളം നോർത്ത് പറവൂരിൽ വാസു എന്ന യുവാവും തൂങ്ങിമരിച്ചു. ബീവറേജസ് ഔട്ട്‌ലെറ്റുകളും അടച്ച് നാലാം ദിവസമായിരുന്നു വാസുവിന#്‌റെ ആത്മഹത്യ. തിരുവനന്തപുരം ആങ്കോട്ടിലിൽ വയോധികൻ ആത്മഹത്യ ചെയ്തതും മദ്യം ലഭിക്കാത്തത് മൂലമാണെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു.

ആലപ്പുഴ കിടങ്ങംപറമ്പ് കടത്തിണ്ണയിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തിയതും സമാന സ്വഭാവമുള്ളതാണെന്ന് നാട്ടുകാർ പറയുന്നു. ക്ഷേത്രത്തിലെ പുള്ളുവൻ പാട്ടുകാരനായ ഹരിദാസനാണ് മരിച്ചത്.

കായംകുളത്ത് മദ്യത്തിന് പകരം ഷേവിംഗ് ലോഷൻ കഴിച്ച യുവാവ് മരിച്ചിരുന്നു. കറ്റാനം ഇലിപ്പക്കുളം തോപ്പിൽ വീട്ടിൽ നൗഫലാണ് മരിച്ചത്. ബീവറേജസ് പൂട്ടിയതിന് ശേഷമുള്ള ദിവസങ്ങളിൽ ഇയാൾ ഷേവിംഗ് ലോഷൻ കഴിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മലപ്പുറത്ത് മദ്യം ലഭിക്കാത്തതിനെ തുടർന്ന് രണ്ട് പേർ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ചങ്ങനാശ്ശേരിയിൽ യുവാവ് ഷോപ്പിംഗ് കോംപ്ലക്‌സിന് മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതര പരുക്കുകളുമായി ഇയാൾ ചികിത്സയിലാണ്.

Share this story