കാസർകോട് അതിർത്തി റോഡ് തുറക്കില്ലെന്ന് കർണാടക; രണ്ട് റോഡുകൾ തുറന്നുകൊടുക്കും

കാസർകോട് അതിർത്തി റോഡ് തുറക്കില്ലെന്ന് കർണാടക; രണ്ട് റോഡുകൾ തുറന്നുകൊടുക്കും

കൊവിഡിന്റെ പശ്ചാത്തലത്തിൽ അടച്ച രണ്ട് റോഡുകൾ മാത്രം തുറന്നു കൊടുക്കുമെന്ന് കർണാടക. വയനാട്, കണ്ണൂർ അതിർത്തികളിലെ റോഡുകളായിരിക്കും തുറക്കുക. എന്നാൽ കാസർകോട് അതിർത്തിയിലെ റോഡ് തുറക്കില്ലെന്നും കർണാടക ഹൈക്കോടതിയെ അറിയിച്ചു

അതിർത്തിയിൽ രോഗികളെ തടയരുതെന്നും ആശുപത്രി ആവശ്യങ്ങൾക്കായി മംഗലാപുരം-കാസർകോട് പാത തുറന്നുകൊടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഇരിട്ടി, കൂർഗ്, വീരാജ്‌പേട്ട റോഡ് തുറക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ നാളെ തീരുമാനം അറിയിക്കും. കർണാടക എജിയിൽ നിന്നും വീഡിയോ കോൺഫറൻസ് വഴിയാണ് ഹൈക്കോടതി വിശദീകരണം തേടിയത്.

കർണാടക സർക്കാർ ദേശീയപാതയാണ് ബാരിക്കേഡ് വെച്ച് അടച്ചത്. ദേശീയ പാത കേന്ദ്രത്തിന്റെ നിയന്ത്രണത്തിലായതിനാൽ സംസ്ഥാന സർക്കാരിന് ഇടപെടുന്നതിൽ പരിമിതിയുണ്ടെന്നും കോടതിയെ കേരളം അറിയിച്ചിരുന്നു.

അതിർത്തി അടച്ചതോടെ മംഗലാപുരം ആശുപത്രിയിൽ എത്തിക്കാനാകാതെ രണ്ട് പേരാണ് കാസർകോട് ഇന്നലെ മരിച്ചത്. മഞ്ചേശ്വരം സ്വദേശി മാധവൻ, കുഞ്ചത്തൂർ സ്വദേശി ആയിഷ എന്നിവരാണ് മരിച്ചത്. മംഗലാപുരം അതിർത്തിയിലാണ് ഇരുവരുടെയും വീട്. കർണാടക പോലീസ് കടത്തി വിടാത്തതിനാൽ മാധവനെ കാഞ്ഞങ്ങാട് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേ വെച്ചായിരുന്നു മരിച്ചത്. ആയിഷയെയും മംഗലാപുരം അതിർത്തിയിൽ തടയുകയും തിരിച്ച് കാഞ്ഞങ്ങാടേക്കുള്ള യാത്രാ മധ്യേ കാറിൽ വെച്ച് മരിക്കുകയായിരുന്നു.

Share this story