ഇന്ന് ഏപ്രിൽ ഒന്ന്; തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

ഇന്ന് ഏപ്രിൽ ഒന്ന്; തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

ഇന്ന് ഏപ്രിൽ ഒന്ന്, മറ്റുള്ളവരെ കളിയാക്കാനും തമാശയായി പറ്റിക്കാനുമുള്ളമാണ് ഇന്ന്. പക്ഷേ, ഈ ഏപ്രിൽ ഒന്നിന് അത്തരം തമാശകൾ പൂർണമായും ഒഴിവാക്കണം. തെറ്റായ ഒരു സന്ദേശവും പ്രചരിപ്പിക്കാൻ പാടില്ല. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശം എവിടെനിന്നുണ്ടായാലും ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അതേ സമയം, ആരോഗ്യ പ്രവർത്തകരെ നിന്ദിക്കരുതെന്നും കൊവിഡ് രോഗബാധിതരോട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരിടത്ത് കുറച്ച് രോഗികൾ ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും പുശ്ചിക്കുന്നതായും നിർദേശങ്ങൾ പാലിക്കാതിരിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടു. ഇത് അങ്ങേയറ്റം ആപത്കരമാണ്. നിങ്ങളെ രോഗബാധയിൽ നിന്ന് രക്ഷിക്കുകയെന്നത് നാടിന്റെ ആവശ്യമാണ്. അത്തരമൊരു സാമൂഹ്യ ചുമതലയിൽ ഏർപ്പെട്ടിരിക്കുന്നവരാണ് ആരോഗ്യ പ്രവർത്തകർ. അവരെ നിന്ദിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡോക്ടർമാരും നഴ്സുമാരും മറ്റ് മെഡിക്കൽ സ്റ്റാഫുകളും അവരുടെ ജീവൻ പണയപ്പെടുത്തിയുള്ള ജോലിയിലാണ് ഏർപ്പെട്ടിരിക്കുന്നത്. ഇതിൽപരം ഒരു ത്യാഗമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിൽ നിന്നും രണ്ട് പേർക്ക് വീതവും കൊല്ലം, തൃശൂർ, കണ്ണൂർ ജില്ലകളിൽ നിന്നും ഓരോരുത്തർക്കും ആണ് രോഗം സ്ഥിരികരിച്ചത്. തിരുവനന്തപുരത്ത് എട്ട്, 13 വയസുള്ള രണ്ട് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളജ് എസ്എടി ആശുപത്രിയിൽ ഐസൊലേഷനിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. കണ്ണൂരിൽ രോഗം സ്ഥിരീകരിച്ചയാൾ വിദേശത്ത് നിന്നും വന്നതാണ്. മറ്റുള്ളവർക്ക് സമ്പർക്കത്തിലൂടെയാണ് വന്നത്.

സംസ്ഥാനത്ത് ആകെ 241 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ 215 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ നിന്നും രണ്ട് പേരുടെ വീതം പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. 24 പേർ രോഗമുക്തി നേടി ഡിസ്ചാർജായി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഒരാൾ ഇന്ന് മരിച്ചു. ഇതോടെ രണ്ട് പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 150 പേരെ ഇന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 1,63,129 പേരാണ്. ഇവരിൽ 1,62,471 പേർ വീടുകളിലും 658 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

 

Share this story