മലയാളി രോഗിയെ മംഗലാപുരം ആശുപത്രിയിൽ നിന്ന് ഇറക്കിവിട്ടു; കിലോമീറ്ററുകൾ നടന്ന് കുഴഞ്ഞുവീണു

മലയാളി രോഗിയെ മംഗലാപുരം ആശുപത്രിയിൽ നിന്ന് ഇറക്കിവിട്ടു; കിലോമീറ്ററുകൾ നടന്ന് കുഴഞ്ഞുവീണു

മംഗലാപുരത്ത് ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിയെ ആശുപത്രിയിൽ നിന്ന് ഇറക്കിവിട്ടു. നാട്ടിലേക്ക് വാഹനങ്ങളൊന്നുമില്ലാതായതോടെ കിലോമീറ്ററുകളോളം നടന്ന യുവാവ് വഴിയിൽ കുഴഞ്ഞുവീഴുകയും ചെയ്തു. കാഞ്ഞങ്ങാട് പൂച്ചക്കാട് സ്വദേശിക്കാണ് ദുരനുഭവം

മംഗലാപുരം വെൻലോക്ക് ആശുപത്രിയിൽ നിന്നാണ് തെങ്ങുകയറ്റ തൊഴിലാളിയായ ഇയാളെ ഇറക്കിവിട്ടത്. വെള്ളിയാഴ്ച ഇയാൾക്ക് നിർബന്ധിത ഡിസ്ചാർജ് നൽകുകയായിരുന്നു. മരുന്ന് കുറിപ്പടിയോ ഡിസ്ചാർജ് സമ്മറിയോ കൂടാതെയാണ് ഇറക്കിവിട്ടത്.

നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതെ വന്നതോടെ ഉള്ളാലുള്ള ഹോട്ടലിൽ രണ്ട് ദിവസം താമസിച്ചു. കയ്യിൽ പണം തീർന്നതോടെ പട്ടിണിയിലുമായി. ഇതോടെയാണ് നടന്ന് കാസർകോടേക്ക് വരാൻ തീരുമാനിച്ചത്.

50 കിലോമീറ്റർ ദൂരം താണ്ടി മൊഗ്രാൽപുത്തൂരിലെത്തിയപ്പോഴേക്കും ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. സംഭവം കണ്ട പ്രദേശവാസി ഇദ്ദേഹത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഭക്ഷണം നൽകുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് പോലീസെത്തിയാണ് പൂച്ചക്കാടുള്ള വീട്ടിലേക്ക് എത്തിച്ചത്.

Share this story