ഹൈക്കോടതി ഉത്തരവിനും പുല്ലുവില; അതിർത്തി തുറക്കാതെ കർണാടക, രോഗികളെയും കടത്തിവിട്ടില്ല

ഹൈക്കോടതി ഉത്തരവിനും പുല്ലുവില; അതിർത്തി തുറക്കാതെ കർണാടക, രോഗികളെയും കടത്തിവിട്ടില്ല

തലപ്പാടി ദേശീയ പാത അതിർത്തി തുറന്നു കൊടുക്കണമെന്ന കേരളാ ഹൈക്കോടതി ഉത്തരവ് പാലിക്കാതെ കർണാടക സർക്കാർ. അതിർത്തികൾ തുറന്നു കൊടുക്കണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി വരുന്ന ആംബുലൻസുകൾ കടത്തിവിടുമെന്ന് കർണാടക അറിയിച്ചിരുന്നു. എന്നാൽ ഇതും പാലിക്കപ്പെട്ടില്ല

ഇതേ സമയം വരെ അതിർത്തി കർണാടക തുറന്നിട്ടില്ല. രോഗികളുമായി എത്തിയ നിരവധി ആംബുലൻസുകളും മടക്കി അയച്ചു. സർക്കാരിൽ നിന്ന് നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്നാണ് അതിർത്തിയിൽ കാവൽ നിൽക്കുന്ന പോലീസുകാരുടെ മറുപടി. കഴിഞ്ഞ ദിവസങ്ങളിലതിനേക്കാൾ കൂടുതൽ പോലീസിനെ ഇവിടെ വിന്യസിച്ചിട്ടുമുണ്ട്

ഗുരുതരാവസ്ഥയിലുള്ള രോഗികളെ കടത്തിവിടുമെന്നും പരിശോധിക്കാൻ ഡോക്ടറെ നിയമിക്കുമെന്നും കർണാടക അറിയിച്ചിരുന്നു. ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല. അതേസമയം കർണാടകയിൽ നിന്നുള്ള ഏതാനും ചരക്കുവാഹനങ്ങൾ അതിർത്തി വഴി കടത്തി വിട്ടിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ ഇപ്പോഴും തടഞ്ഞിട്ടിരിക്കുകയാണ്.

ഇന്നലെയാണ് ഹൈക്കോടതി അതിർത്തി തുറന്നു കൊടുക്കണമെന്ന് കേന്ദ്രസർക്കാരിനോട് നിർദേശിച്ചത്. ഇന്ത്യൻ യൂണിയന്റെ ഭാഗമായിരിക്കുന്നിടത്തോളം കാലം കർണാടക സർക്കാർ രാജ്യത്തെ ഓരോ പൗരന്റെയും മൗലിക അവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥരാണ്. ഇത് കർണാടകം മനസിലാക്കണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു

Share this story