കണ്ണൂർ ജില്ലയിൽ കൊവിഡ് ബാധിച്ചത് 50 പേർക്ക്; ഇന്ന് സ്ഥിരീകരിച്ചത് പത്തൊൻപതുകാരന്

കണ്ണൂർ ജില്ലയിൽ കൊവിഡ് ബാധിച്ചത് 50 പേർക്ക്; ഇന്ന് സ്ഥിരീകരിച്ചത് പത്തൊൻപതുകാരന്

കണ്ണൂർ ജില്ലയിൽ കൊവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം അൻപതായി. ദുബായിൽ നിന്ന് വന്നയാൾക്കാണ് ഒടുവിൽ രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ റൂട്ട് മാപ്പ് ഉടൻ പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കോട്ടയംപൊയിൽ സ്വദേശിയായ പത്തൊൻപതുകാരനാണ് കണ്ണൂർ ജില്ലയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്.

മാർച്ച് 20ന് ദുബായിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളം വഴിയാണ് ഇയാൾ നാട്ടിലെത്തിയത്. തലേശരി ജനറൽ ആശുപത്രിയിൽ വച്ച് സ്രവം പരിശോധനയ്ക്ക് നൽകിയ ശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇതോടെ ജില്ലയിൽ കൊറോണ ബാധിതരുടെ എണ്ണം 50 ആയി. ഇവരിൽ മൂന്ന് പേർ തുടർപരിശോധനകളിൽ നെഗറ്റീവായതിനാൽ ആശുപത്രി വിട്ടിരുന്നു. രോഗമുണ്ടെന്ന് സ്ഥിരീകരിച്ച മുഴുവൻ പേരും വിദേശത്ത് നിന്ന് വന്നവരാണ്.

ജില്ലയിൽ 100 പേർ ആശുപത്രികളിലും 10201 പേർ വീടുകളിലും നിരീക്ഷണത്തിലാണ്. 62 സാംപിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്.കണ്ണൂർ കീഴ്പ്പള്ളിയിൽ പനി ബാധിച്ച് മരിച്ച നാല് വയസുകാരിയുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞു. മസ്തിഷ്‌കജ്വരമാണ് മരണകാരണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

അതിനിടെ ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന് 80 കേസുകളിലായി 84 പേരെ അറസ്റ്റ് ചെയ്തു. മാക്കൂട്ടം ചുരം റോഡ് കർണ്ണാടക തുറക്കാത്തതിനാൽ കണ്ണൂർ ജില്ലയിലുണ്ടായ പ്രതിസന്ധികൾ തുടരുകയാണ്.

Share this story