സംസ്ഥാനത്തെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്വന്തം വീട് വിട്ടു നൽകി ഫുട്‌ബോൾ താരം സക്കീർ മുണ്ടംപാറ

സംസ്ഥാനത്തെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്വന്തം വീട് വിട്ടു നൽകി ഫുട്‌ബോൾ താരം സക്കീർ മുണ്ടംപാറ

സംസ്ഥാനത്തെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്വന്തം വീട് വിട്ടു നൽകി ഫുട്‌ബോൾ താരം സക്കീർ മുണ്ടംപാറ. മലപ്പുറം അരീക്കോടിലുള്ള തന്റെ വീടാണ് സക്കീർ വിട്ടുനൽകിയത്. ഐസൊലേഷനിലുള്ളവർക്കോ ഏതെങ്കിലും സാഹചര്യത്തിൽ ഒറ്റപ്പെട്ടവർക്കോ താമസിക്കാൻ തന്റെ വീട് വിട്ടു നൽകുകയാണെന്ന് സക്കീർ അറിയിച്ചു. തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് സക്കീർ ഈ വിവരം അറിയിച്ചത്.

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിട്ടു കൊടുക്കുന്നതിനു മുന്നോടിയായി വീട് വൃത്തിയാക്കുന്നത് വീഡിയോയിൽ കാണാം. മൂന്നാൾക്ക് ഈ വീട്ടിൽ കഴിയാമെന്നും എല്ലാ സൗകര്യങ്ങളും ഇവിടെ ഉണ്ടെന്നും വീഡിയോയിലൂടെ സക്കീർ പറഞ്ഞു.

‘കോവിഡ്-19 രൂക്ഷമായ ഈ പ്രത്യേക സാഹചര്യത്തിൽ ഏതെങ്കിലും ആളുകൾക്ക് ഐസൊലേഷനിലുള്ളവർക്കോ ഏതെങ്കിലും സാഹചര്യത്തിൽ ഒറ്റപ്പെട്ടവർക്കോ മറ്റോ സ്റ്റേ ചെയ്യാൻ എന്റെ അരീക്കോട് ഉള്ള വീട് വിട്ടു നല്കാൻ സന്നദ്ധമാണ് എന്ന് അറിയിക്കുന്നു. ബന്ധപ്പെടേണ്ട മൊബൈൽ നമ്പർ ഈ വീഡിയോയിൽ ആഡ് ചെയ്തിട്ടുണ്ട്.’- വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പിൽ സക്കീർ പറയുന്നു.

മകൾ മറിയത്തിനൊപ്പം ഗർഭിണിയായ ഭാര്യ ഫാസില എടവണ്ണയിലെ അവരുടെ വീട്ടിലാണുള്ളത്. ഇന്നലെ മുതൽ സക്കീറും അവിടേക്കു മാറിയിരുന്നു. ഐഎസ്എല്ലിൽ മുംബൈ സിറ്റി, ചെന്നൈയിൻ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ് എന്നീ ടീമുകൾക്കായി കളിച്ച താരമാണ് സക്കീർ മുണ്ടംപാറ. രണ്ടു തവണ കേരള സന്തോഷ് ട്രോഫി ടീമിലും അംഗമായിരുന്നു.

Share this story