കൊവിഡ് 19 ഭേദമായി മടങ്ങിയ ഉദുമ സ്വദേശിക്ക് കയ്യടിയോടെ യാത്രയയപ്പ്

കൊവിഡ് 19 ഭേദമായി മടങ്ങിയ ഉദുമ സ്വദേശിക്ക് കയ്യടിയോടെ യാത്രയയപ്പ്

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് 19 രോഗികളുള്ള കാസർകോടു നിന്ന് ആശ്വാസവാർത്ത. തുടർ പരിശോധനകൾ നെഗറ്റീവ് ആയതിനെ തുടർന്ന് ഇന്ന് 3 പേരാണ് ആശുപത്രി വിട്ടത്. വീട്ടിലേക്ക് മടങ്ങിയ ഉദുമ സ്വദേശിക്ക് നൽകിയ യാത്രയയപ്പ് ഹൃദ്യമായ കാഴ്ചയായി.

 

കയ്യടിച്ച് സന്തോഷത്തോടെയാണ് ആശുപത്രി ജീവനക്കാരും മറ്റ് രോഗികളും ചേർന്ന് കാസർകോട് ഉദുമയിലെ ഷുഹൈലിനെ വീട്ടിലേക്ക് യാത്രയാക്കിയത്. എല്ലാവരോടും എല്ലാത്തിനും ഉറക്കെ നന്ദി പറഞ്ഞു കൊണ്ട് കൊവിഡിനെ തോൽപ്പിച്ച ആത്മവിശ്വാസത്തോടെ അവർക്കിടയിലൂടെ ഷുഹൈൽ ആശുപത്രി വിട്ടു. ആരോഗ്യപ്രവർത്തകർക്ക് നന്ദി അർപ്പിച്ചു കൊണ്ടാണ് ഷുഹൈൽ മടങ്ങിയത്.

മാർച്ച് 19ന് ദുബൈയിലെ റെയ്ഫിൽ നിന്ന് നാട്ടിലെത്തിയ ഷുഹൈൽ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഒപ്പമുണ്ടായിരുന്നയാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇയാൾ സ്വമേധയാ ആശുപത്രിയിലെത്തി. മാർച്ച് 27ന് ഷുഹൈലിന് കൊവിഡ് സ്ഥിരീകരിച്ചു.

 

തുടർ പരിശോധനകളിൽ നെഗറ്റീവായ മറ്റു രണ്ടു പേർ കൂടി ഇന്ന് ജനറൽ ആശുപത്രിയിലെ കൊവിഡ് വാർഡിൽ നിന്നും വീട്ടിലേക്ക് മടങ്ങി. തളങ്കര കാസർകോട് തുരുത്തി സ്വദേശികളാണ് ആശുപത്രി വിട്ടത്. മൂന്നു പേരും ഇനി പതിനാലു ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയും.

Share this story