ഇത് നേതാവ്, ഇത് മുഖ്യമന്ത്രി, ഞങ്ങളുടെ സ്വന്തം പിണറായി വിജയൻ: മുഖ്യമന്ത്രിയെ പ്രശംസിച്ച് റോഷൻ ആൻഡ്രൂസ്

ഇത് നേതാവ്, ഇത് മുഖ്യമന്ത്രി, ഞങ്ങളുടെ സ്വന്തം പിണറായി വിജയൻ: മുഖ്യമന്ത്രിയെ പ്രശംസിച്ച് റോഷൻ ആൻഡ്രൂസ്

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നമുക്കും രോഗാണുവിനുമിടയിൽ സർക്കാർ ഉണ്ടെന്ന് വിശ്വാസം തോന്നുന്നു. ആത്മവിശ്വാസം നെഞ്ചിലേറ്റി മുഖ്യമന്ത്രി എല്ലാ ദിവസവും ഡയസിലേക്ക് നടന്നു കയറുന്നത് കാണുമ്പോൾ സുരക്ഷിതമായ കരങ്ങളിലാണ് നാട് എന്ന് തിരിച്ചറിയുന്നുവെന്നും റോഷൻ ആൻഡ്രൂസ് പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം

അശാന്തിയുടെ കാലമാണിത് . ഇന്ന് മരണമെത്ര,രോഗികളായവരെത്ര എന്ന ആശങ്കയോടെ വാർത്തയ്ക്കു വേണ്ടി കാത്തിരിക്കുന്ന ക്ഷാമകാലം .പൊരുതുകയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ലാത്ത യുദ്ധകാലം .എങ്കിലും എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് ഞാനും കുടുംബവും ടി.വി ഓൺ ചെയ്യുന്നത് “ ഭയപ്പെടേണ്ട, ഞങ്ങളുണ്ടിവിടെ” എന്ന് ധൈര്യം പകരാനെത്തുന്ന നമ്മുടെ സൈന്യാധിപനെ കാണാനാണ് . ഒരിക്കൽ പോലും പതറാതെ “ സർക്കാർ ഒപ്പമല്ല മുൻപിലുണ്ട്” എന്നദ്ദേഹം പറയുമ്പോൾ ജയം നമുക്ക് തന്നെയെന്നുറപ്പ് തോന്നുന്നു.നമുക്കും ആ രോഗാണുവിനുമിടയിൽ സർക്കാർ ഉണ്ടെന്ന വിശ്വാസം തോന്നുന്നു. ഒരു നിപ്പയ്ക്കും പ്രളയത്തിനും ചോർത്തിക്കളയാമായിരുന്ന ആത്മവിശ്വാസം അന്നുള്ളതിനേക്കാൾ നെഞ്ചിലേറ്റി അദ്ദേഹം എല്ലാ ദിവസവും ഡയസിലേയ്ക്ക് നടന്നു കയറുന്നതു കാണുമ്പോൾ സുരക്ഷിതമായ കരങ്ങളിലാണ് നാടെന്നു തിരിച്ചറിയുന്നു. ആപൽഘട്ടത്തെ പൊളിറ്റിക്കൽ മൈലേജിനു വേണ്ടി ഉപയോഗിക്കാമെന്ന രാഷ്ട്രീയതന്ത്രം ഒരിക്കൽ പോലും പയറ്റാതെ, എതിർചേരിയിലുള്ളവരുടെ നന്മകളെ പോലും പ്രകീർത്തിച്ചു, നമ്മുടെ സ്വകാര്യ അഹങ്കാരമായ ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി ശ്രീമതി ശൈലജ ടീച്ചർക്കൊപ്പം നമുക്കദ്ദേഹം മാർഗ്ഗനിർദ്ദേശങ്ങൾ നൽകുമ്പോൾ , അത് ലോകം മുഴുവൻ മാതൃകയാക്കുമ്പോൾ , തലയുയർത്തി നിന്ന് പറയാൻ തോന്നുന്നു; പറയുന്നു- “ ഇത് നേതാവ് , ഇത് മുഖ്യമന്ത്രി.. ഇത് ഞങ്ങളുടെ സ്വന്തം പിണറായി വിജയൻ!”

അശാന്തിയുടെ കാലമാണിത് . ഇന്ന് മരണമെത്ര,രോഗികളായവരെത്ര എന്ന ആശങ്കയോടെ വാർത്തയ്ക്കു വേണ്ടി കാത്തിരിക്കുന്ന ക്ഷാമകാലം…

Posted by Rosshan Andrrews on Sunday, April 5, 2020

Share this story