അതിഥി തൊഴിലാളികള്‍ക്ക് ലോക്ക്ഡൗണിന് ശേഷം നാട്ടിലേക്ക് പോകാന്‍ പ്രത്യേക ട്രെയിന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടും: മുഖ്യമന്ത്രി

അതിഥി തൊഴിലാളികള്‍ക്ക് ലോക്ക്ഡൗണിന് ശേഷം നാട്ടിലേക്ക് പോകാന്‍ പ്രത്യേക ട്രെയിന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടും: മുഖ്യമന്ത്രി

അതിഥി തൊഴിലാളികള്‍ക്ക് ലോക്ക്ഡൗണിന് ശേഷം നാട്ടിലേക്ക് പോകാന്‍ പ്രത്യേക ട്രെയിന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് തിരിച്ചുപോകണമെന്നാണ് ആവശ്യം.

നാം വിചാരിച്ചാല്‍ മാത്രം നടപ്പാക്കാവുന്ന കാര്യമല്ല അത്. നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാരിനോടും പ്രധാനമന്ത്രിയോടും അതിഥി തൊഴിലാളികള്‍ക്ക് തിരിച്ചുപോകാനുള്ള പ്രത്യേക ട്രെയിന്‍ ലോക്ക്ഡൗണ്‍ തീരുന്നമുറയ്ക്ക് അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആ അഭ്യര്‍ത്ഥന ഒന്നുകൂടി മുന്നോട്ടുവെക്കുകയാണ്. ലോക്ക്ഡൗണിനു ശേഷം പ്രത്യേക ട്രെയിന്‍ ഏര്‍പ്പാടു ചെയ്യുണമെന്ന കാര്യം പ്രധാനമന്ത്രിയോടു തന്നെ ഒന്നു കൂടി ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

അതിഥി തൊഴിലാളികള്‍ക്ക് അമിത പ്രാധാന്യം കൊടുക്കുന്നുവെന്നും മറ്റും ചില പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അത് ചില വക്രബുദ്ധികളുടെയും രാഷ്ട്രീയക്കാരുടെയും ഉത്പന്നമാണ്. നാട്ടുകാര്‍ക്ക് വലിയ പരാതി പൊതുവെയില്ല. ഇപ്പോള്‍ അവരാകെ കഷ്ടത അനുഭവിക്കുകയാണ്. കൈത്താങ്ങ് നല്‍കേണ്ടത് നമ്മുടെ സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.

അതിഥി ദേവോ ഭവ എന്നതാണ് നാം എല്ലാ കാലത്തും സ്വീകരിച്ച നിലപാട്. മാന്യമായ താമസസ്ഥലവും മെച്ചപ്പെട്ട ഭക്ഷണവും ആവശ്യമായ വൈദ്യസഹായവും അവര്‍ക്ക് നല്‍കണമെന്നു തന്നെയാണ് തീരുമാനം. അതില്‍ എന്തെങ്കിലും കുറവുണ്ടെങ്കില്‍ പരിഹരിക്കുന്നതിനുള്ള ഇടപെടലുകള്‍ അതത് സ്ഥലങ്ങളില്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുകയും ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story