കേരളം മാതൃകയാണ്: സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം അവസാനിക്കുന്നതായി വിലയിരുത്തൽ

കേരളം മാതൃകയാണ്: സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം അവസാനിക്കുന്നതായി വിലയിരുത്തൽ

സംസ്ഥാനത്തെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ വലിയ ആശ്വാസത്തിന് വഴിവെക്കുന്നതാണ്. കൊവിഡ് വ്യാപനം അവസാനിക്കുന്നുവെന്ന സൂചനകളാണ് രണ്ട് ദിവസമായി ലഭിക്കുന്നത്. രോഗബാധിതരുടെ എണ്ണം തുടർച്ചയായി ആറാം ദിവസവും പത്തിൽ ഉയരാത്തത് പ്രതീക്ഷ നൽകുന്നുണ്ട്.

കഴിഞ്ഞ രണ്ട് ദിവസമായി രോഗബാധിതരുടെ എണ്ണത്തേക്കാൾ കൂടുതലാണ് രോഗവിമുക്തി നേടുന്നവരുടെ എണ്ണമെന്നും പ്രതീക്ഷകൾ നൽകുന്നു. ലോക്ക് ഡൗൺ അവസാനിച്ചാൽ രോഗവ്യാപനം വീണ്ടും ഉണ്ടായേക്കാമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. വിദേശരാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലെയും കുടുങ്ങിയവർ കേരളത്തിലേക്ക് തിരിച്ചുവരുന്നതോടെ രോഗവ്യാപനത്തിന്റെ മൂന്നാം വ്യാപനത്തിന് ഇടയാക്കുമെന്നാണ് ആശങ്ക

ഇന്ത്യയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചതും കേരളത്തിലായിരുന്നു. ജനുവരി 30ന് വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥികളിലൂടെയാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നത്. എന്നാൽ രോഗവ്യാപനത്തിന് മുമ്പ് തന്നെ ഇവരെ ഐസോലേഷനിലാക്കി ചികിത്സിച്ചത് വലിയ നേട്ടമായി. ഇവർ ആശുപത്രി വിട്ടതോടെ സംസ്ഥാനം സമ്പൂർണമായും കൊവിഡ് വിമുക്തമാകുകയും ചെയ്തു

ഇറ്റലിയിൽ നിന്നുള്ള കുടുംബത്തിന്റെ വരവോടെയാണ് കേരളത്തിൽ രണ്ടാംഘട്ടമായി കൊവിഡ് സ്ഥികീരിച്ചത്. പിന്നീട് വിദേശത്ത് നിന്നും എത്തിച്ചേർന്നവരിലൂടെ രോഗികളുടെ എണ്ണം ഉയരുകയായിരുന്നു. ഒരു ഘട്ടത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള സംസ്ഥാനമായി കേരളം മാറിയിരുന്നു. എന്നാൽ കൃത്യമായ നടപടികളിലൂടെ രോഗവ്യാപനത്തെ പിടിച്ചു കെട്ടാൻ ആരോഗ്യവകുപ്പിനും സംസ്ഥാന സർക്കാരിനും സാധിച്ചു.

Share this story