കാസർകോടിന് ഇന്നും ആശ്വാസ ദിനം: 13 പേർക്ക് കൂടി രോഗം ഭേദമായി

കാസർകോടിന് ഇന്നും ആശ്വാസ ദിനം: 13 പേർക്ക് കൂടി രോഗം ഭേദമായി

സംസ്ഥാനത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത കാസർകോട് ജില്ലയിൽ 13 പേർ കൂടി രോഗമുക്തി നേടി. ഇവർ ഉടൻ ആശുപത്രി വിടുമെന്ന് ആരോഗ്യരംഗത്തെ അധികൃതർ അറിയിച്ചു.

കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ അഞ്ച് പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ അഞ്ച് പേരും പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേർക്കുമാണ് രോഗം ഭേദമായത്.

മെഡിക്കൽ ബോർഡിന്റെ അനുമതി ലഭിച്ചാൽ ഇവർക്ക് ആശുപത്രി വിടാം. ഇതോടെ ജില്ലയിൽ രോഗം ഭേദമായവരുടെ എണ്ണം 37 ആയി. 128 പേരാണ് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്.

അതേസമയം കാസർകോട് ജില്ലയിലെ ചില സ്ഥലങ്ങളിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തി. തളങ്കര, ചൂരി, നെല്ലിക്കുന്ന്, കളനാട് സ്ഥലങ്ങളിലാണ് ഇന്ന് മുതൽ പ്രത്യേക കേന്ദ്രീകരണം. ഇവിടങ്ങളിൽ അഞ്ച് വീടുകൾ കേന്ദ്രീകരിച്ച് പോലീസ് ബൈക്ക് പട്രോളിംഗ് നടത്തും. പ്രദേശങ്ങളിൽ ഡ്രോൺ നിരീക്ഷണം ശക്തമാക്കും

കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങൾ. കാസർകോടെ അഞ്ച് പഞ്ചായത്തുകളിലും രണ്ട് മുൻസിപാലിറ്റികളിലും സമൂഹ സർവേ നടത്തും. ചെമ്മനാട്, മധൂർ, പള്ളിക്കര, ഉദുമ, മൊഗ്രാൽപുത്തൂർ എന്നീ പഞ്ചായത്തുകളിലും കാസർകോട്, കാഞ്ഞങ്ങാട് നഗരസഭയിലുമാണ് പരിശോധന നടത്തുക.

ലോക്ക് ഡൗൺ ശക്തമാക്കിയതിനെ തുടർന്ന് ഇവിടെയുള്ള മറ്റ് രോഗികൾക്ക് ചികിത്സ തേടാൻ സാധിക്കുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. ഇതേ തുടർന്നാണ് സമൂഹ സർവേ. ജില്ലയിൽ ഇന്നലെ 15 പേർ കൊവിഡ് ഭേദമായി ആശുപത്രി വിട്ടിരുന്നു.

Share this story