മുടക്കമില്ലാതെ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി; കൂടുതൽ ചരക്ക് വാഹനങ്ങൾ ഓടിക്കണം

മുടക്കമില്ലാതെ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി; കൂടുതൽ ചരക്ക് വാഹനങ്ങൾ ഓടിക്കണം

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടന്ന വീഡിയോ കോൺഫറൻസിൽ സംസ്ഥാനത്തിന്റെ ഭക്ഷ്യധാന്യ ആവശ്യങ്ങൾ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത മൂന്ന് മാസത്തേക്ക് കേരളത്തിന് 6,45,000 ടൺ അരിയും 5400 ടൺ ഗോതമ്പും ആവശ്യമാണ്. മുടക്കമില്ലാതെ ഈ ധാന്യങ്ങൾ ലഭ്യമാക്കണം

ഉത്പാദന കേന്ദ്രങ്ങളിൽ നിന്ന് പഴവും പച്ചക്കറികളും എത്തിക്കുന്നതിനായി കൂടുതൽ ചരക്ക് വണ്ടികൾ ഓടിക്കണം. ഉപഭോക്താക്കൾക്ക് മുടങ്ങാതെ ഭക്ഷ്യവസ്തുക്കൾ ലഭിക്കാനും ഉത്പാദകർക്ക് വിപണി ലഭിക്കാനും ഇത് ആവശ്യമാണ്. പൊതുവിതരണ സമ്പ്രദായം ഇന്ത്യയിൽ ഒട്ടാകെ നടപ്പാക്കണമെന്നും പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു

പ്രവാസികളുടെ വിഷയവും ചർച്ചയിൽ ഉന്നയിച്ചിട്ടുണ്ട്. ലേബർ ക്യാമ്പിൽ പ്രത്യേക ശ്രദ്ധവേണം. രോഗത്തെക്കുറിച്ചും പ്രവാസികളുടെ സ്ഥിതിയെ പറ്റിയും കൃത്യമായ ഇടവേളകളിൽ എംബസി ബുള്ളറ്റിൻ ഇറക്കണം. തെറ്റായ വിവരം പ്രചരിക്കുന്നത് മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇതു സഹായിക്കും.

അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ട്. കേരളത്തിൽ 3.85 ലക്ഷം അതിഥി തൊഴിലാളികളുണ്ട്. അവർക്ക് ഏപ്രിൽ 14ന് ശേഷം സ്വദേശത്തേക്ക് മടങ്ങാൻ നോൺ സ്‌റ്റോപ്പ് ട്രെയിൻ സജ്ജമാക്കണമെന്നും പിണറായി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

Share this story