കമ്മ്യൂണിറ്റി കിച്ചണുകളിലെ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കണം; വിഷു കൈനീട്ടം നാടിന് വേണ്ടിയാകട്ടെയെന്നും മുഖ്യമന്ത്രി

കമ്മ്യൂണിറ്റി കിച്ചണുകളിലെ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കണം; വിഷു കൈനീട്ടം നാടിന് വേണ്ടിയാകട്ടെയെന്നും മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധത്തിൽ മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും തൊഴിലാളികളും 24 മണിക്കൂറും പ്രവർത്തനത്തിൽ മുഴുകി നിൽക്കുന്നവരാണെന്നും ഇവരെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കമ്മ്യൂണിറ്റി കിച്ചൺ ഇവരുടെ നേതൃത്വത്തിലാണ്. നല്ല നിലയ്ക്കാണ് പ്രവർത്തനം നടക്കുന്നത്.

ധാരാളം വ്യക്തികളും സംഘടനകളും സാധനങ്ങളും മറ്റും കിച്ചണിലേക്ക് സംഭാവന നൽകുന്നുണ്ട്. അതേസമയം അപൂർവം ചിലയിടങ്ങളിൽ രാഷ്ട്രീയ ഇടപെടൽ അവസാനിക്കുന്നില്ല. കുറച്ച് വർധനവിന്റെ ലക്ഷണം കാണിക്കുന്നുണ്ട്. ഇതൊഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണം

ഒരു കൂട്ടർ ഇതിന് പുറപ്പെടുമ്പോൾ മറ്റ് വിഭാഗക്കാരും ഇടപെടുന്നു. ഇത് ചുരുക്കം തദ്ദേശ സ്ഥാപനങ്ങളിലാണ് നടക്കുന്നത്. തെറ്റായ രീതി സ്വീകരിക്കുന്നവർ മാറി നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തവണത്തെ വിഷു കൈനീട്ടം നാടിന് വേണ്ടിയാകട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു. നാട് ആസാധാരണ പ്രതിസന്ധിയിലൂടെ പോകുമ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് മുതൽകൂട്ടാകാൻ കുട്ടികളെയും പ്രേരിപ്പിക്കണം

ഏപ്രിലിൽ വിശുദ്ധ റംസാൻ ആരംഭിക്കുകയാണ്. സക്കാത്തിന്റേത് കൂടിയാണ് ഈ മാസം. ഇതും ഇപ്പോഴത്തെ കടുത്ത പ്രതിസന്ധി തരണം ചെയ്യാനുള്ള അവസരമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു

Share this story