കൊവിഡ് ഭേദമായവരുടെ എണ്ണത്തിൽ സംസ്ഥാനം ഒന്നാമത്; പ്രതിരോധത്തിന്റെ കേരളാ മാതൃക

കൊവിഡ് ഭേദമായവരുടെ എണ്ണത്തിൽ സംസ്ഥാനം ഒന്നാമത്; പ്രതിരോധത്തിന്റെ കേരളാ മാതൃക

രാജ്യത്ത് കൊവിഡ് രോഗം ഭേദമായവരുടെ എണ്ണത്തിൽ ഒന്നാമതായി കേരളം. ഇതുവരെ 213 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രാജ്യത്ത് തന്നെ ഏറ്റവുമധികം കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തതും കേരളത്തിലായിരുന്നു. ഒരു ഘട്ടത്തിൽ ഇന്ത്യയിൽ ഏറ്റവുമധികം രോഗികളുള്ള സംസ്ഥാനമെന്ന നിലയിലേക്ക് കേരളം എത്തിയിരുന്നു. എന്നാൽ കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യപരിപാലവും കൊണ്ട് രോഗത്തെ പിടിച്ചു നിർത്താൻ നമുക്ക് സാധിച്ചു

ഇന്ന് ഒരാൾക്ക് മാത്രമാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള ഏഴ് പേരുടെ പരിശോധനാ ഫലം നെഗറ്റീവാകുകയും ചെയ്തു. കാസർകോട്ടെ നാല് പേർക്കും കോഴിക്കോടെ രണ്ട് പേർക്കും കൊല്ലത്തെ ഒരാൾക്കുമാണ് രോഗം ഭേദമായത്.

നിലവിൽ 160 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ലക്ഷത്തിൽ താഴെ എത്തിക്കാനും സാധിച്ചു. 97,464 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 522 പേർ ആശുപത്രികളിലാണ്. ഇന്ന് 86 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.

ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തത് കാസർകോട് ജില്ലയിലാണ്. 167 പേർക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചു. ആലപ്പുഴ 5 പേർക്കും എറണാകുളത്ത് 21 പേർക്കും കണ്ണൂരിൽ 80 പേർക്കും ഇടുക്കിയിൽ 10 പേർതക്കും കൊല്ലം 9, കോട്ടയം 3, കോഴിക്കോട് 16, മലപ്പുറം 21, പാലക്കാട് 8, പത്തനംതിട്ട 17, തിരുവനന്തപുരം 14, തൃശ്ശൂർ, 13, വയനാട് 3 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതിൽ 213 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

Share this story