വാഹനം പോലീസ് തടഞ്ഞു; ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായ അച്ഛനെ ചുമലിലേറ്റി മകൻ നടന്നു

വാഹനം പോലീസ് തടഞ്ഞു; ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായ അച്ഛനെ ചുമലിലേറ്റി മകൻ നടന്നു

പോലീസ് വാഹനം തടഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയ പിതാവിനെയും ചുമന്ന് മകൻ ഒരു കിലോമീറ്ററോളം ദൂരം നടന്നു. കൊല്ലം പുനലൂരിലാണ് സംഭവം. ആവശ്യമായ രേഖകൾ ഇല്ലെന്ന് പറഞ്ഞാണ് പോലീസ് വാഹനം തടഞ്ഞത്.

താലൂക്ക് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയ അച്ഛനെ വീട്ടിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. പുനലൂർ തൂക്കുപാലം ജംഗ്ഷനിൽ വെച്ച് ഓട്ടോറിക്ഷ തടയുകയായിരുന്നു. തുടർന്ന് ഓട്ടോ ഡ്രൈവറായ മകൻ വണ്ടി നിർത്തിയിടുകയും ആശുപത്രിയിലേക്ക് നടന്നു പോയി അച്ഛനെ തോളിലേറ്റി തിരിച്ച് നടക്കുകയായിരുന്നു

അതേസമയം പോലീസ് വാഹനം തടഞ്ഞപ്പോൾ മതിയായ രേഖകൾ കാണിച്ചിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ആശുപത്രിയിൽ തിരക്കായതിനാൽ രാവിലെ മുതൽ പോലീസ് വാഹനങ്ങൾ കർക്കശമായി നിയന്ത്രിക്കുന്നുണ്ടായിരുന്നു.

കുളത്തൂപ്പുഴ സ്വദേശിയായ 65കാരൻ നാല് ദിവസം മുമ്പാണ് പുനലൂർ ആശുപത്രിയിൽ ചികിത്സ തേടിയത്. ചികിത്സക്ക് ശേഷം ഇന്ന് ഡിസ്ചാർജ് ആയപ്പോഴാണ് സംഭവം

Share this story