തൃശ്ശൂർ പൂരം ഇത്തവണയില്ല, ക്ഷേത്രത്തിൽ 5 പേർ മാത്രം പങ്കെടുക്കുന്ന ചടങ്ങ്; ചരിത്രത്തിൽ ഇതാദ്യം

തൃശ്ശൂർ പൂരം ഇത്തവണയില്ല, ക്ഷേത്രത്തിൽ 5 പേർ മാത്രം പങ്കെടുക്കുന്ന ചടങ്ങ്; ചരിത്രത്തിൽ ഇതാദ്യം

കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ തൃശ്ശൂർ പൂരവും എക്‌സിബിഷനും ഉണ്ടാകില്ലെന്ന് മന്ത്രി വി എസ് സുനിൽകുമാർ. പൂരവുമായി ബന്ധപ്പെട്ടു കൊണ്ടുള്ള ഒരു പരിപാടിയും ഈ വർഷം വേണ്ടെന്നാണ് തീരുമാനിച്ചതെന്നും മന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

മറ്റെല്ലാ പൊതുവായ ചടങ്ങുകളും വേണ്ടെന്നു വെച്ച് പൂരം നടപടികൾ നിർത്തിവെക്കുന്നത് ചരിത്രത്തിൽ ആദ്യമാണ്. ലോകം അസാധാരണായ സാഹചര്യം നേരിടുന്ന അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് ദേവസ്വം ബോർഡുമായി ചേർന്ന് നടത്തിയ യോഗത്തിൽ ഇത്തരമൊരു തീരുമാനമെടുത്തത്.

ക്ഷേത്രത്തിനകത്ത് നടക്കുന്ന ചടങ്ങിൽ അഞ്ച് പേർ മാത്രം പങ്കെടുക്കും. തന്ത്രിമാരുടെ കൂടി അഭിപ്രായത്തിലാണ് ഇതിലൊരു തീരുമാനമെടുത്തത്. ചെറുപൂരങ്ങളും വേണ്ടെന്ന് വെച്ചിട്ടുണ്ട്. ലോക്ക് ഡൗൺ നിയമങ്ങൾക്ക് ബാധകമായ രീതിയിൽ മാത്രമേ കാര്യങ്ങൾ നടക്കൂവെന്നും സുനിൽകുമാർ അറിയിച്ചു

ലോക്ക് ഡൗൺ നീട്ടിയതിനെ തുടർന്നാണ് പൂരം മാറ്റിവെക്കേണ്ടി വന്നത്. മേയ് മാസം മൂന്നാം തീയതിയാണ് തൃശ്ശൂർ പൂരം ആരംഭിക്കേണ്ടത്. ലോക്ക് ഡൗൺ ഏപ്രിൽ 14ന് അവസാനിച്ചാൽ പൂരം സാധാരണ നിലയിൽ നടത്താമെന്നായിരുന്നു കമ്മിറ്റി ഭാരവാഹികൾ ആലോചിച്ചിരുന്നത്.

Share this story