സംസ്ഥാനത്തെ ജില്ലകളെ നാല്‌ മേഖലയായി തിരിക്കും; ഒന്നാം മേഖലയിൽ കടുത്ത നിയന്ത്രണങ്ങൾ

സംസ്ഥാനത്തെ ജില്ലകളെ നാല്‌ മേഖലയായി തിരിക്കും; ഒന്നാം മേഖലയിൽ കടുത്ത നിയന്ത്രണങ്ങൾ

സംസ്ഥാനത്തെ രോഗബാധിതമായ ജില്ലകളെ ഒരു മേഖലയാക്കാൻ കേന്ദ്രത്തിന്റെ അനുമതി തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാല്‌ മേഖലകളാക്കിയാണ് സംസ്ഥാനത്തെ തിരിക്കുക. ഇതിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളെ ഒരു മേഖലയാക്കും. ഇവിടെ മെയ് 3 വരെ ലോക്ക് ഡൗൺ തുടരും. ജില്ലാ അതിർത്തികൾ അടച്ചിടും. രോഗബാധിത വില്ലേജുകൾ പൂർണമായും അടച്ചിടും.

പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകൾ രണ്ടാം മേഖലയിൽ ഉൾപ്പെടുന്നു. ഇവിടെ ഏപ്രിൽ 24 വരെ നിയന്ത്രണങ്ങൾ തുടരും. 24ന് ശേഷം ഇളവുകൾ തീരുമാനിക്കും. തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, വയനാട് മേഖലകളാണ് മൂന്നാം മേഖലയായി തിരിച്ചത്. ഇവിടങ്ങളിൽ ഭാഗികമായ ഇളവുകൾ അനുവദിക്കും. ഹോട്ടലുകളും കടകളും ഏഴ് മണി വരെ തുറക്കും.

ഇടുക്കി, കോട്ടയം ജില്ലകളെ നാലാം മേഖലയില്‍ ഉള്‍പ്പെടുത്തി. ഇടുക്കിയിലെ സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടും. കോട്ടയം ജില്ലാ അതിര്‍ത്തികളും അടച്ചിടും. ഇവിടെ കടുത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കും.

ഇന്ന് സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ നാല് പേർക്കും കോഴിക്കോട് രണ്ട് പേർക്കും കാസർകോട് ഒരാൾക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ വിദേശത്ത് നിന്ന് വന്നവരും രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.

ഇന്ന് 27 പേർക്ക് രോഗം ഭേദമായി. സംസ്ഥാനത്താകെ 394 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 147 പേർ ഇപ്പോൾ ചികിത്സയിൽ കഴിയുന്നുണ്ട്. 88,855 പേർ നിരീക്ഷണത്തിൽ തുടരുകയാണ്. ഇതിൽ 532 പേർ ആശുപത്രിയിലും മറ്റുള്ളവർ വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നു. ഇന്ന് മാത്രം 108 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇതുവരെ 17400 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ഇതിൽ 16450 എണ്ണത്തിലും രോഗബാധയില്ലെന്ന് ഉറപ്പുവരുത്തി. കാസർകോട് ജില്ലയിൽ മാത്രം ഇന്ന് 24 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രോഗം ഭേദമാകുന്നവരുടെ എണ്ണം ഉയരുന്നതും രോഗികളുടെ എണ്ണം കുറയുന്നതും സംസ്ഥാനത്തിന് ആശ്വാസകരമാണ്.

Share this story