രാജ്യത്തെ 170 ഹോട്ട് സ്‌പോട്ട് ജില്ലകളിൽ ആറെണ്ണം കേരളത്തിൽ

രാജ്യത്തെ 170 ഹോട്ട് സ്‌പോട്ട് ജില്ലകളിൽ ആറെണ്ണം കേരളത്തിൽ

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലകളെ മൂന്നായി തരം തിരിച്ച് നടപ്പാക്കുമെന്ന് കേന്ദ്രസർക്കാർ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഹോട്ട് സ്‌പോട്ട് ജില്ലകൾ, നോൺ ഹോട്ട് സ്‌പോട്ട് ജില്ലകൾ, ഗ്രീൻ സോൺ ജില്ലകൾ എന്നിങ്ങനെയാകും തരം തിരിക്കുക. ഇതിൽ രോഗവ്യാപനം കൂടുതലായി കണ്ട ജില്ലകളാകും ഹോട്ട് സ്‌പോട്ട് വിഭാഗത്തിൽ പെടുന്നത്. സംസ്ഥാനത്തെ ആറ് ജില്ലകളാണ് ഹോട്ട് സ്‌പോട്ട് വിഭാഗത്തിൽ പെടുന്നത്.

രാജ്യത്താകെയുള്ളത് 170 ഹോട്ട് സ്‌പോട്ട് ജില്ലകളാണ്. ഇതിൽ സംസ്ഥാനത്തെ കാസർകോട്, കണ്ണൂർ, മലപ്പുറം, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളും ഉൾപ്പെടുന്നു. വയനാട് ജില്ലയിലെ ചില മേഖലകളും ഹോട്ട് സ്‌പോട്ട് വിഭാഗത്തിൽ ഉൾപ്പെടും. ഇവിടങ്ങളിൽ കടുത്ത നിയന്ത്രണമാകും അധികൃതർ നടപ്പാക്കുക. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

207 ജില്ലകൾ നോൺ ഹോട്ട് സ്‌പോട്ട് വിഭാഗത്തിൽപ്പെടുന്നതാണ്. രോഗബാധിതർ കുറവുള്ള ജില്ലകളാണിത്. സംസ്ഥാനത്തെ തൃശ്ശൂർ, കൊല്ലം, ഇടുക്കി, പാലക്കാട്, ആലപ്പുഴ, കോട്ടയം ജില്ലകളാണ് നോൺ ഹോട്ട് സ്‌പോട്ട് പട്ടികയിൽപ്പെടുന്നത്. അതേസമയം കോഴിക്കോട് ആദ്യത്തെ രണ്ട് പട്ടികയിലും ഉൾപ്പെട്ടിട്ടില്ല.

രോഗം ഇതുവരെ സ്ഥീരീകരിക്കാത്ത ജില്ലകളാണ് ഗ്രീൻ സോൺ വിഭാഗത്തിൽ ഉൾപ്പെടുന്നത്. രാജ്യത്തെ ആറ് മെട്രോ നഗരങ്ങളായ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവ ഹോട്ട് സ്‌പോട്ട് വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്.

Share this story