കേന്ദ്രത്തിന്റെ ഹോട്ട് സ്‌പോട്ട് തരംതിരിക്കൽ അശാസ്ത്രീയം; വ്യക്തത തേടി സംസ്ഥാനം

കേന്ദ്രത്തിന്റെ ഹോട്ട് സ്‌പോട്ട് തരംതിരിക്കൽ അശാസ്ത്രീയം; വ്യക്തത തേടി സംസ്ഥാനം

സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകൾ പുനർനിർണയിക്കാൻ മന്ത്രിസഭാ യോഗത്തിൽ ധാരണ. ഇതിന് കേന്ദ്രസർക്കാരിന്റെ അനുമതി തേടും. ജില്ലകളെന്നതിന് പകരം സോണുകളായി തിരിച്ച് ക്രമീകരണം നടത്താനും സർക്കാർ തലത്തിൽ ആലോചനയുണ്ട്. കേന്ദ്രനിർദേശം മറികടക്കാതെ എങ്ങനെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്നതാണ് ആലോചിക്കുന്നത്.

ഇരുപത് വരെ കേന്ദ്രം നിർദേശിച്ച പ്രകാരം കടുത്ത നിയന്ത്രണങ്ങൾ തന്നെ സംസ്ഥാനത്ത് ഏർപ്പെടുത്തും. ഇതിന് ശേഷം ഇളവുകൾ പ്രഖ്യാപിക്കുമെങ്കിലും ഒറ്റയടിക്ക് എല്ലാ നിയന്ത്രണങ്ങളും എടുത്തു കളയില്ല. കേന്ദ്രത്തിന്റെ ഹോട്ട് സ്‌പോട്ട് തരംതിരിക്കൽ അശാസ്ത്രീയമെന്നാണ് വിലയിരുത്തൽ.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് രോഗവ്യാപന നിരക്ക് കൂടതലുള്ളത്. അതിനാൽ കൂടുതൽ ശ്രദ്ധയും ജാഗ്രതയും ഈ മേഖലയിലാണ് ഉണ്ടാകേണ്ടത്. അതേസമയം കേന്ദ്രത്തിന്റെ പട്ടികയിൽ കോഴിക്കോട് ഗ്രീൻ സോണിലും ഒരു രോഗി മാത്രമുള്ള വയനാട് റെഡ് സോണിലുമാണ്.

ഈ രീതിയിലുള്ള ആശയക്കുഴപ്പം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും. ദേശീയ തലത്തിൽ നിന്നും തീർത്തും വ്യത്യസ്തമാണ് സംസ്ഥാനത്തെ രോഗവ്യാപന നിരക്കെന്നതും സർക്കാർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Share this story