പിണറായി വിജയൻ മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം; ഏത് കൊവിഡ് വന്നാലും രാഷ്ട്രീയം പറയുമെന്ന് ലീഗ് എംഎൽഎ കെഎം ഷാജി

പിണറായി വിജയൻ മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം; ഏത് കൊവിഡ് വന്നാലും രാഷ്ട്രീയം പറയുമെന്ന് ലീഗ് എംഎൽഎ കെഎം ഷാജി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി മുസ്ലീം ലീഗിന്റെ എംഎൽഎയായ കെ എം ഷാജി. ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ പണത്തിന്റെ കണക്ക് ചോദിക്കുന്നതിൽ എന്താണ് തെറ്റെന്നും ദുരിതാശ്വാസ നിധിയിലെ പണം സിപിഎം നേതാക്കളെ സഹായിക്കാനായി ചെലവഴിച്ചെന്നും കെ എം ഷാജി വാർത്താ സമ്മേളനം വിളിച്ചു ചേർത്ത് ആരോപിച്ചു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന സൂചനയുമായി കെ എം ഷാജി കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിനെ മുഖ്യമന്ത്രി വിമർശിക്കുകയും ചെയ്തു. തുടന്നാണ് കെ എം ഷാജി കൂടുതൽ രാഷ്ട്രീയ ആരോപണത്തിനായി ഇന്ന് പത്രസമ്മേളനം വിളിച്ചത്.

ഏത് പ്രളയം വന്ന് മൂക്കറ്റം മൂടിയാലും ഏത് കൊവിഡ് വന്നാലും മുസ്ലീം ലീഗ് രാഷ്ട്രീയം പറയുമെന്ന് കെ എം ഷാജി പഖഞ്ഞു. കൊടുത്താൽ മതി ചോദിക്കരുത് എന്ന് പറയാൻ ഇത് നേർച്ചപ്പൈസയല്ല. ദുരിതാശ്വാസ ഫണ്ടിൽ നിന്ന് അങ്ങനെയൊക്കെ പണം കൊടുക്കാൻ പാടുണ്ടോ എന്ന് മുഖ്യമന്ത്രി തന്നെ ചോദിക്കുന്നു. ഞങ്ങളും അതുതന്നെയാണ് ചോദിക്കുന്നത്. ദുരിതാശ്വാസ നിധിയിൽ നിന്ന് പണമെടുത്തിട്ടാണ് ഒരു സി.പി.ഐ.എം എം.എൽ.എയ്ക്കും ഒരു ഇടതുപക്ഷ നേതാവിനും 25 ഉം 35 ഉം ലക്ഷം വീതം കൊടുത്തത്. അവരുടെ ബാങ്കിലെ കടം തീർക്കാനാണ് ഈ തുക കൊടുത്തത്. പൊതുജനത്തിന്റെ പണം എടുത്ത് ഇങ്ങനെ കൊടുക്കുന്നത് മാന്യമായ ഇടപാടല്ല.

1000 കോടി രൂപയോളം ഗ്രാമീണ റോഡുകൾ നന്നാക്കാൻ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ഇപ്പോൾ പണം കൊടുത്തിരിക്കുന്നത്. ഞാനും മുനീർ സാഹിബും അടക്കമുള്ള പ്രതിപക്ഷത്തെ എം.എൽ.എമാർക്ക് ഏഴ് ശതമാനമാണ് അതിൽ നിന്ന് പണം തന്നത്. ബാക്കി മുഴുവൻ ഇടതുപക്ഷത്തിനും ഈ പ്രളയവുമായി ബന്ധമില്ലാത്ത ആർക്കൊക്കെയോ വേണ്ടി 1000 കോടി രൂപയോളം ചിലവഴിച്ചു. ദുരിതാശ്വാസ നിധിയിൽ നിന്ന് മുഖ്യമന്ത്രി അങ്ങനെ തുക ചിലവഴിക്കാമോ

രണ്ട് കോടി രൂപയാണ് ഷുഹൈബിന്റേയും ഷുക്കൂറിന്റെയേും കേസ് വാദിക്കാൻ അഡ്വ. രജിത് കുമാറിനെ ഒരു മണിക്കൂറിന് 25 ലക്ഷം രൂപ നൽകി ഇവർ വെച്ചത്. രേഖകൾ എന്റെ കൈവശമുണ്ട്. അത് ദുരിതാശ്വാസ ഫണ്ടിൽ നിന്നല്ല കൊടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിന്നെ മുഖ്യമന്ത്രിയുടെ വീട്ടിലെ പൈസയാണോ അത്, അതോ കെ.എം ഷാജിയുടെ അച്ചിവീട്ടിലെ പൈസ കൊണ്ടാണോ ? അല്ലല്ലോ, ഷുക്കൂറിന്റെ ഉമ്മ മകന്റെ മയ്യത്ത് പുതപ്പിക്കാൻ വാങ്ങിയ പുതപ്പിന്റെ നികുതിയുണ്ട് നിങ്ങൾ കൊടുത്ത പൈസയിൽ.

തിരിച്ചുചോദിക്കരുത്, തിരിച്ച് പറയരുത്, ഞാന്‍ പറയും നിങ്ങള്‍ കേള്‍ക്കണം എന്നൊക്കെയാണ് അദ്ദേഹം പറയുന്നത്. ആ ഭയപ്പെടുത്തലൊക്കെ അതിന് പറ്റിയവരുടെ അടുത്ത് മതി. പ്രളയമല്ല, ഓഖിയല്ല, കൊവിഡ് അല്ല, മൂക്കിന്റെ അറ്റത്ത് വെള്ളം വന്ന് നില്‍ക്കുന്നതുവരെ രാഷ്ട്രീയം പറയും. അദ്ദേഹത്തിന് എത്ര വെറിപിടിക്കുന്നോ അത്രയും പറയുമെന്നും കെ എം ഷാജി പറഞ്ഞു

Share this story