മഞ്ചേശ്വരത്തെ അധ്യാപികയുടെ കൊലപാതകം; അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു

മഞ്ചേശ്വരത്തെ അധ്യാപികയുടെ കൊലപാതകം; അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു

കാസര്‍കോട് മഞ്ചേശ്വരത്തെ അധ്യാപികയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. മിയാപദവ് വിദ്യാവര്‍ധക സ്‌കൂള്‍ അധ്യാപിക ബി കെ രൂപശ്രീയെ കൊലപ്പെടുത്തി കടലില്‍ താഴ്ത്തിയ കേസില്‍ സഹ അധ്യാപകന്‍, ഇയാളുടെ സഹായി എന്നിവരെ പ്രതി ചേര്‍ത്താണ് ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

കെ വെങ്കിട്ടരമണ, സഹായി നിരഞ്ജന്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. ജനുവരി 16നാണ് ഇവര്‍ കൊലപാതകം നടത്തിയത്. കൃത്യം നടന്ന് 81ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 90 ദിവസത്തിനുള്ളില്‍ ആയതിനാല്‍ ഇനി വിചാരണ കഴിയാതെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കില്ല

ലോക്ക് ഡൗണ്‍ കാരണം കോടതി പ്രവര്‍ത്തിക്കാത്തതിനാല്‍ മജിസ്‌ട്രേറ്റിന്റെ പ്രത്യേക അനുമതി തേടിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 1700 പേജുള്ള കുറ്റപത്രത്തില്‍ 140 പേരാണ് സാക്ഷികള്‍. മൃതദേഹം കടലില്‍ താഴ്ത്താന്‍ കൊണ്ടുപോയ കാര്‍, രൂപശ്രീയുടെ ബാഗ്, അതിലെ വസ്തുക്കള്‍, ഇവര്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക്, മുക്കി കൊല്ലാന്‍ ഉപയോഗിച്ച വീപ്പ തുടങ്ങിയവയാണ് തൊണ്ടിമുതലുകള്‍

രൂപശ്രീയുടെ മൃതദേഹം ജനുവരി 18ന് കോയിപ്പാടി കടപ്പുറത്താണ് കണ്ടത്. രണ്ട് ദിവസത്തിനുള്ളില്‍ അന്വേഷണ സംഘം പ്രതികളെ പിടികൂടി. വെങ്കിട്ടരമണയുമായി ബന്ധമുണ്ടായിരുന്ന രൂപശ്രീ തന്നില്‍ നിന്ന് അകലാന്‍ തുടങ്ങിയതിലെ പകയാണ് കൊലപാതകത്തിന് വെങ്കിട്ടരമണയെ പ്രേരിപ്പിച്ചത്.

Share this story