25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതി; കെ എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണം

25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതി; കെ എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണം

അഴീക്കോട് എംഎൽഎ കെ എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി. 2017ൽ അഴീക്കോട് സ്‌കൂളിൽ ഹയർ സെക്കൻഡറി അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് നടപടി. പരാതിയിൽ നേരത്തെ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു

കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പത്മനാഭനാണ് പരാതിക്കാരൻ. സ്‌കൂൾ മാനേജ്‌മെന്റിൽ നിന്നും പണം വാങ്ങിയെന്നാണ് പരാതി. 2012-13 കാലയളവിൽ ഹയർ സെക്കന്ററി കോഴ്‌സുകൾ അന്നത്തെ സർക്കാർ അനുവദിക്കുന്ന കാലത്ത് പൂതപ്പാറയിലെ പ്രാദേശിക മുസ്ലീം ലീഗ് കമ്മിറ്റി മാനേജ്‌മെന്റിനോട് 25 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ തുക നൽകേണ്ടതില്ലെന്ന് കെ എം ഷാജി മാനേജ്‌മെന്റിനോട് പറഞ്ഞു

അതേസമയം 2017ൽ സ്‌കൂളിൽ ഹയർ സെക്കൻഡറി അനുവദിച്ച സമയത്ത് 25 ലക്ഷം രൂപ കെ എം ഷാജി കൈപ്പറ്റിയെന്നാണ് പരാതി. പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് തുടർ അന്വേഷണത്തിന് സർക്കാരിനോട് അനുമതി തേടിയിരുന്നു. അനുമതി നൽകിയതോടെ വിജിലൻസ് ഉടൻ കേസ് രജിസ്റ്റർ ചെയ്യും

2017 സെപ്റ്റംബർ മാസത്തിലാണ് പത്മനാഭൻ പരാതി നൽകിയത്. പൂതപ്പാറ മുസ്ലീം ലീഗ് പ്രാദേശിക കമ്മിറ്റി സംഭവത്തിൽ ലീഗ് സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകിയതാണെന്നും എന്നാൽ പരാതിക്കാർക്കെതിരെയാണ് ലീഗ് നേതാക്കൾ നടപടിയെടുത്തതെന്നും പത്മനാഭൻ കുറ്റപ്പെടുത്തുന്നു.

Share this story