സംസ്ഥാനത്ത് ഇന്ന് നാല് പേർക്ക് കൂടി കൊവിഡ് ബാധ; രണ്ട് പേർ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് നാല് പേർക്ക് കൂടി കൊവിഡ് ബാധ; രണ്ട് പേർ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് നാല് പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് പേർ വിദേശത്ത് നിന്ന് വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഇന്ന് രണ്ട് പേർ രോഗമുക്തി നേടി

ഇനി ചികിത്സയിലുള്ളത് 140 പേരാണ്. ഇതുവരെ 257 പേർ രോഗമുക്തി നേടി. ഇന്ന് രോഗമുക്തരായ രണ്ട് രോഗികളും കാസർകോട് ജില്ലയിൽ നിന്നാണ്. രോഗം സ്ഥിരീകരിച്ച നാല് പേരിൽ മൂന്ന് പേർ കണ്ണൂർ ജില്ലയിൽ നിന്നും ഒരാൾ കോഴിക്കോട് ജില്ലയിൽ നിന്നുമാണ്.

സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 67,190 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 504 പേർ ആശുപത്രികളിലാണ്. ഇന്ന് 104 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 18,744 പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ഇതിൽ 17,763 പരിശോധനാ ഫലവും നെഗറ്റീവാണ്.

കൊവിഡ് പരിശോധനക്ക് കേരളത്തിൽ നാല് സർക്കാർ ലാബുകുകൾ കൂടി സജ്ജമാക്കും. എറണാകുളം, കോട്ടയം, കണ്ണൂർ, മഞ്ചേരി എന്നീ നാല് മെഡിക്കൽ കോളജുകളിലാണ് പരിശോധനാ സൗകര്യം വരുന്നത്. എറണാകുളം മെഡിക്കൽ കോളജിന് ഐസിഎംആർ അനുമതി നൽകിയിട്ടുണ്ട്. മറ്റ് മൂന്നിടങ്ങളിൽ ഉടൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഓഫീസ് അറിയിച്ചു

എറണാകുളം മെഡിക്കൽ കോളജിന് അനുമതി ലഭിച്ചതോടെ കേരളത്തിൽ 11 സർക്കാർ ലാബുകളിലാണ് കൊവിഡ് പരിശോധന നടക്കുന്നത്. മറ്റ് മൂന്നെണ്ണത്തിൽ കൂടി അനുമതിയായാൽ ഇതിന്റെ എണ്ണം പതിനാല് ആകും. ആലപ്പുഴ എൻ ഐ വിയിൽ ആയിരുന്നു പ്രാരംഭ ഘട്ടത്തിൽ പരിശോധനകൾ നടത്തിയിരുന്നത്.

കോഴിക്കോട് മെഡിക്കൽ കോളജ്, തിരുവനന്തപുരം മെഡിക്കൽ കോളജ്, തൃശ്ശൂർ മെഡിക്കൽ കോളജ്, തിരുവനന്തപുരം ശ്രീചിത്ര, തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ്, തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജി, മലബാർ കാൻസർ സെന്റർ, കോട്ടയം ഇന്റർ യൂനിവേഴ്‌സിറ്റി സെന്റർ ഫോർ ബയോ മെഡിക്കൽ റിസർച്ച്, കാസർകോട് സെന്റർ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് നിലവിൽ കൊവിഡ് പരിശോധന നടക്കുന്നത്.

Share this story