കൊവിഡ് പരിശോധനക്കായി സംസ്ഥാനത്ത് നാല് സർക്കാർ ലാബുകൾ കൂടി സജ്ജമായി

കൊവിഡ് പരിശോധനക്കായി സംസ്ഥാനത്ത് നാല് സർക്കാർ ലാബുകൾ കൂടി സജ്ജമായി

കൊവിഡ് പരിശോധനക്ക് കേരളത്തിൽ നാല് സർക്കാർ ലാബുകുകൾ കൂടി സജ്ജമാക്കും. എറണാകുളം, കോട്ടയം, കണ്ണൂർ, മഞ്ചേരി എന്നീ നാല് മെഡിക്കൽ കോളജുകളിലാണ് പരിശോധനാ സൗകര്യം വരുന്നത്. എറണാകുളം മെഡിക്കൽ കോളജിന് ഐസിഎംആർ അനുമതി നൽകിയിട്ടുണ്ട്. മറ്റ് മൂന്നിടങ്ങളിൽ ഉടൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഓഫീസ് അറിയിച്ചു

എറണാകുളം മെഡിക്കൽ കോളജിന് അനുമതി ലഭിച്ചതോടെ കേരളത്തിൽ 11 സർക്കാർ ലാബുകളിലാണ് കൊവിഡ് പരിശോധന നടക്കുന്നത്. മറ്റ് മൂന്നെണ്ണത്തിൽ കൂടി അനുമതിയായാൽ ഇതിന്റെ എണ്ണം പതിനാല് ആകും. ആലപ്പുഴ എൻ ഐ വിയിൽ ആയിരുന്നു പ്രാരംഭ ഘട്ടത്തിൽ പരിശോധനകൾ നടത്തിയിരുന്നത്.

കോഴിക്കോട് മെഡിക്കൽ കോളജ്, തിരുവനന്തപുരം മെഡിക്കൽ കോളജ്, തൃശ്ശൂർ മെഡിക്കൽ കോളജ്, തിരുവനന്തപുരം ശ്രീചിത്ര, തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ്, തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജി, മലബാർ കാൻസർ സെന്റർ, കോട്ടയം ഇന്റർ യൂനിവേഴ്‌സിറ്റി സെന്റർ ഫോർ ബയോ മെഡിക്കൽ റിസർച്ച്, കാസർകോട് സെന്റർ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് നിലവിൽ കൊവിഡ് പരിശോധന നടക്കുന്നത്.

കോഴിക്കോട്, എറണാകുളം ജില്ലകളിലെ രണ്ട് സ്വകാര്യ ലാബുകളിലും കൊവിഡ് പരിശോധന നടക്കുന്നുണ്ട്. പത്ത് റിയൽ ടൈം പിസിആർ മെഷീനുകൾ വാങ്ങാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇതുപയോഗിച്ചാണ് ലാബുകൾ സജ്ജമാക്കിയതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Share this story