ആരാധനാലയങ്ങള്‍ തുറക്കരുത് , ടാക്‌സികള്‍ക്ക് നിയന്ത്രണം; സംസ്ഥാനത്ത് മെയ് 3 വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്ന വിഭാഗങ്ങള്‍ നിരവധി

ആരാധനാലയങ്ങള്‍ തുറക്കരുത് , ടാക്‌സികള്‍ക്ക് നിയന്ത്രണം; സംസ്ഥാനത്ത് മെയ് 3 വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്ന വിഭാഗങ്ങള്‍ നിരവധി

കേന്ദ്ര സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് മെയ് മൂന്ന് വരെ ഇളവില്ലാതെ നിരോധനം തുടരുന്ന സ്ഥാപനങ്ങളും സേവനങ്ങളും സംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറക്കി.

ടാക്‌സികള്‍, ഓട്ടോറിക്ഷകള്‍, സിനിമ ഹാള്‍, മാളുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സ്, ജിം, കായിക കേന്ദ്രങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, തിയറ്റര്‍, ബാര്‍, ഓഡിറ്റോറിയം, അസംബ്‌ളി ഹാളുകള്‍, എന്നിവയ്ക്ക് മെയ് 3 വരെ കര്‍ശന നിരോധനം തുടരും.

സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, സാംസ്‌കാരിക , മത ചടങ്ങുകളും ജനങ്ങള്‍ ഒത്തുചേരുന്ന മറ്റു പരിപാടികളും നടത്താന്‍ പാടില്ല. ആരാധനാലയങ്ങള്‍ അടച്ചിടും. വിവാഹ മരണാനന്തരചടങ്ങുകളില്‍ 20 പേരിലധികം പേര്‍ ഉണ്ടാകരുത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍, എന്നിവയ്ക്കും മെയ് മൂന്ന് വരെ നിരോധനം തുടരും.

അതേ സമയം, രാജ്യത്ത് കൊറോണ വൈറസ് വ്യാപിച്ചവരുടെ എണ്ണം 14,378 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 991 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 43 പേർ മരിച്ചു. ഇതിനോടകം രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 480 ആയി.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തതും കൂടുതൽ മരണവും. 3323 പേർക്കാണ് മഹാരാഷ്ട്രയിൽ ഇതിനോടകം കൊവിഡ് സ്ഥീരീകരിച്ചത്. മുംബൈ നഗരത്തിൽ മാത്രം 2073 പേർക്ക് രോഗം ബാധിച്ചു. സംസ്ഥാനത്താകെ 201 പേർ കൊവിഡ് ബാധിച്ച് മരിച്ചു

മുംബൈയിൽ 21 നാവികസേനാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവർക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല. ഇവരുമായി ബന്ധം പുലർത്തിയവരെയും പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. മുംബൈ ധാരാവിയിൽ 101 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കൊവിഡ് വ്യാപന സ്ഥിതി വിലയിരുത്താൻ ഡൽഹിയിൽ ഉന്നതതല യോഗം ചേരുകയാണ്. ആരോഗ്യമന്ത്രി ഹർഷവർധൻ, ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിർമലാ സീതാരാമൻ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.

Share this story