സ്പ്രിംഗ്‌ളർ തന്റെ തീരുമാനമായിരുന്നുവെന്ന് ഐടി സെക്രട്ടറി; മറ്റാർക്കും ഉത്തരവാദിത്വമില്ല

സ്പ്രിംഗ്‌ളർ തന്റെ തീരുമാനമായിരുന്നുവെന്ന് ഐടി സെക്രട്ടറി; മറ്റാർക്കും ഉത്തരവാദിത്വമില്ല

സ്പ്രിംഗ്‌ളർ വിഷയവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ വിശദീകരണവുമായി ഐടി സെക്രട്ടറി എം ശിവശങ്കരൻ. സ്വന്തം വിവേചനാധികാരം ഉപയോഗിച്ചാണ് സ്പ്രിംഗ്‌ളർ സേവനം തെരഞ്ഞെടുക്കുന്ന കാര്യം തീരുമാനിച്ചത്. സേവനം സൗജന്യമാണെന്ന് ഉറപ്പ് വരുത്തിയിരുന്നു. സുരക്ഷാ പ്രശ്‌നമില്ലെന്ന് വ്യക്തമായി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമവകുപ്പിന്റെ ഉപദേശം തേടിയില്ലെന്നും ഐടി സെക്രട്ടറി അറിയിച്ചു

വിവരങ്ങൾ ശേഖരിക്കാൻ ഒരു ടെക്‌നോളജിക്കൽ പ്ലാറ്റ് ഫോം വേണമെന്ന് തീരുമാനിച്ചിരുന്നു. അത് തെരഞ്ഞെടുത്തതും ഒപ്പിട്ടതും തന്റെ ഉത്തരവാദിത്വമാണ്. അതൊരു പർച്ചേസ് തീരുമാനമാണ്. അതിൽ മറ്റാരും കൈ കടത്തിയിട്ടില്ല. രേഖകളിൽ കൃത്രിമത്വം നടന്നുവെന്ന ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചു. തീരുമാനങ്ങളിൽ തെറ്റുണ്ടെങ്കിൽ വിമർശനങ്ങൾ കൂടി കണക്കിലെടുത്ത് ഇക്കാര്യം പുന:പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു

കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ വിവരങ്ങൾ ക്രോഡീകരിക്കാാനുള്ള പ്രയാസം തിരിച്ചറിഞ്ഞതോടെയാണ് സ്പ്രിംഗ്‌ളർ കമ്പനിയുമായുള്ള കരാറിലേക്ക് എത്തിയത്. സങ്കീർണമായ ഡാറ്റ കൈകാര്യം ചെയ്യാൻ സർക്കാരിന് ബുദ്ധിമുട്ടുണ്ടായിരുന്നു. രണ്ട് പ്രളയം വന്നപ്പോഴും ഡേറ്റാ മാനേജ്‌മെന്റിൽ വലിയ പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. സ്പ്രിംഗ്‌ളർ ഡാറ്റാ മാനേജ്‌മെന്റിലുള്ള കഴിവിൽ സർക്കാരിന് സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി

Share this story