കേരളത്തിൽ 13 പേർക്ക് കൂടി കൊവിഡ് മുക്തി; രണ്ട് പേർക്ക് മാത്രം രോഗം; മൊത്തം 270 പേർക്ക് രോഗം ഭേദമായി

കേരളത്തിൽ 13 പേർക്ക് കൂടി കൊവിഡ് മുക്തി; രണ്ട് പേർക്ക് മാത്രം രോഗം; മൊത്തം 270 പേർക്ക് രോഗം ഭേദമായി

തിരുവനന്തപുരം: സംസ്ഥാനത്ത് 13 പേർ കൂടി രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കാസർഗോഡ് ജില്ലയിലെ 8 പേരുടേയും കണ്ണൂർ ജില്ലയിലെ 3 പേരുടേയും മലപ്പുറം, തൃശൂർ ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 270 പേരാണ് ഇതുവരെ കോവിഡിൽ നിന്നും രോഗമുക്തി നേടിയത്. 129 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 2 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂർ, കാസർഗോഡ് ജില്ലയിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂർ ജില്ലയിലുള്ളയാൾ അബുദാബിയിൽ നിന്നും കാസർഗോഡ് ജില്ലയിലുള്ളയാൾ ദുബായിൽ നിന്നും വന്നവരാണ്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 55,590 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 55,129 പേർ വീടുകളിലും 461 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 72 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 19,351 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 18,547 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

അതേ സമയം, രാജ്യത്ത് കൊവിഡ് മരണങ്ങൾ 500 കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 27 പേരുടെ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 507 ആയി. 15712 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ശനിയാഴ്ച മാത്രം രാജ്യത്ത് 1334 രോഗികൾ റിപ്പോർട്ട് ചെയ്തായും ആരോഗ്യമന്ത്രാലയം അറിയിച്ചു

മഹാരാഷ്ട്രയിലാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 324 പേർക്ക് കൂടി രോഗം ബാധിച്ചു. അതേസമയം ഐസിഎംആറിന്റെ കണക്കുകൾ കുറച്ചു കൂടി വ്യത്യസ്തമാണ്. ഇന്ത്യയിൽ 16365 രോഗബാധിതരുണ്ടെന്ന് ഐസിഎംആർ പറയുന്നു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകളേക്കാൾ 600 ഓളം കൂടുതലാണിത്

മഹാരാഷ്ട്രയിൽ ആകെ രോഗികളുടെ എണ്ണം 3648 ആയി. മുംബൈ നഗരത്തിൽ മാത്രം ഇന്നലെ 187 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പൂനെയിൽ 78 പേർക്കും പുതുതായി രോഗബാധ കണ്ടെത്തി. ധാരാവിയിൽ രോഗബാധിതരുടെ എണ്ണം 117 ആയി. 10 പേരാണ് ഇവിടെ മരിച്ചത്.

ഡൽഹിയിൽ 1893 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 42 പേർ ഇവിടെ മരിച്ചു. മധ്യപ്രദേശിൽ 1407 പേർക്കും ഗുജറാത്തിൽ 1376 പേർക്കും തമിഴ്‌നാട്ടിൽ 1372 പേർക്കും രാജസ്ഥാനിൽ 1351 പേർക്കും യുപിയിൽ 969 പേർക്കും രോഗം സ്ഥീരീകരിച്ചു.

Share this story