രാജ്യം അംഗീകരിക്കുന്ന മാതൃക; കാസർകോടിന് പ്രശംസയുമായി മുഖ്യമന്ത്രി

രാജ്യം അംഗീകരിക്കുന്ന മാതൃക; കാസർകോടിന് പ്രശംസയുമായി മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധത്തിൽ കാസർകോട് ജില്ലയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോട് ജില്ല എങ്ങനെയായിരുന്നുവെന്ന് ഓർക്കണം. രണ്ട് മാസക്കാലമായി കൊവിഡിനെതിരെ പട നയിക്കുകയാണ്. ഇപ്പോൾ ആശ്വാസമായിട്ടുണ്ട്. ജില്ലയിലെ 169 രോഗികളിൽ 142 പേരും രോഗമുക്തരായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചികിത്സയിലുള്ള ആരുടെയും നില ഗുരുതരമല്ല. മാർച്ച് 21 മുതൽ ജില്ല മുഴുവൻ അടച്ചിട്ടു. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്താണ് കാസർകോട് രാജ്യം അംഗീകരിക്കുന്ന മാതൃകയായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

കേരളത്തിൽ റിപ്പോർട്ട് ചെയ്ത രോഗികളിൽ പകുതിയിലേറെയും കാസർകോട് ജില്ലയിലായിരുന്നു. എന്നാൽ കൃത്യമായ ആരോഗ്യപരിപാലനത്തിലൂടെ ഇവരെയെല്ലാം തന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ആരോഗ്യവകുപ്പിനും സർക്കാരിനും സാധിച്ചു.

ഇന്ന് സംസ്ഥാനത്ത് ആറ് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 21 പേർ രോഗമുക്തരാകുകയും ചെയ്തു. രോഗമുക്തരായതിൽ 19 പേരും കാസർകോട് ജില്ലയിൽ നിന്നുള്ളവരാണ്. 408 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 294 പേരുടെ രോഗം ഇതിനോടകം ഭേദമായി.

Share this story