സംസ്ഥാനം ഒറ്റക്കെട്ടായി കൊവിഡിനെതിരെ അണിനിരന്നു; ലോകത്തിന് തന്നെ മാതൃകയെന്നും മുഖ്യമന്ത്രി

സംസ്ഥാനം ഒറ്റക്കെട്ടായി കൊവിഡിനെതിരെ അണിനിരന്നു; ലോകത്തിന് തന്നെ മാതൃകയെന്നും മുഖ്യമന്ത്രി

കൊവിഡ് 19 വ്യാപനത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം ഒറ്റക്കെട്ടായി അണിനിരന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ പ്രതിരോധം ലോകത്തിന് തന്നെ മാതൃകയാണ്. ജനുവരി 30നാണ് ആദ്യ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. പിന്നീട് പല ലോകരാഷ്ട്രങ്ങളെയും കൊവിഡ് വിഴുങ്ങിയപ്പോൾ കേരളം ഉണർന്നു പ്രവർത്തിച്ചു

ആരോഗ്യ വകുപ്പിന് കീഴിൽ പ്രത്യേക സംഘമുണ്ടാക്കി. എല്ലാ ജില്ലയിലും പ്രത്യേക ഐസോലേഷൻ കേന്ദ്രങ്ങൾ സ്ഥാപിച്ചു. ചികിത്സക്ക് മാനദണ്ഡം രൂപീകരിച്ചു. ആദ്യഘട്ടത്തിൽ റിപ്പോർട്ട് ചെയ്ത മൂന്ന് കൊവിഡ് രോഗികളെയും ചികിത്സിച്ച് ഭേദമാക്കി.

പിന്നീട് രണ്ടാം ഘട്ടത്തിൽ പത്തനംതിട്ടയിൽ ഫെബ്രുവരി 19ന് അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിന് മുമ്പ് തന്നെ വിമാനത്താവളങ്ങളിൽ പ്രത്യേക സ്‌ക്രീനിംഗ് ആരംഭിച്ചു. എന്നിട്ടും രോഗബാധയുണ്ടായി. ഇതോടെ ശക്തമായ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. രോഗികളെയും രോഗികളുമായി ഇടപഴകിയവരെയും കണ്ടെത്തി. വിദേശത്ത് നിന്നു വന്ന എല്ലാവരെയും നിരീക്ഷണത്തിലാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു. മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ എല്ലാ കൂടിച്ചേരലുകളും ഒഴിവാക്കി. വിവാഹങ്ങളടക്കം ലളിതമാക്കി. സിനിമാ തീയറ്ററുകൾ അടച്ചുപൂട്ടി. സർക്കാർ സംവിധാനങ്ങളും ബഹുജന സംഘടനകളും ഒന്നിച്ചിറങ്ങി. ഒരു ഭിന്നാഭിപ്രായവുമില്ലാതെ ഒരു സംസ്ഥാനം ഒന്നാകെ വൈറസ് പ്രതിരോധത്തിന് അണിനിരന്നു. ദേശീയ തലത്തിൽ ലോക്ക് ഡൗൺ വരും മുമ്പേ കേരളത്തിൽ അതിനുള്ള നടപടികൾ എടുത്തു. സ്തംഭിച്ചു പോയ ജനജീവിതം തിരിച്ചുപിടിക്കാൻ 20,000 കോടിയുടെ സ്‌പെഷ്യൽ പാക്കേജ് പ്രഖ്യാപിച്ചെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Share this story