പ്രവാസികളെ ഏറ്റെടുക്കാം, ക്വാറന്റൈൻ സൗകര്യമുണ്ട്; പ്രത്യേക വിമാനം ഏർപ്പെടുത്തണമെന്ന് വീണ്ടും മുഖ്യമന്ത്രി

പ്രവാസികളെ ഏറ്റെടുക്കാം, ക്വാറന്റൈൻ സൗകര്യമുണ്ട്; പ്രത്യേക വിമാനം ഏർപ്പെടുത്തണമെന്ന് വീണ്ടും മുഖ്യമന്ത്രി

കൊവിഡ് പശ്ചാത്തലത്തിൽ പ്രവാസി ലോകം കഴിയുന്നത് കടുത്ത ആശങ്കയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശരാജ്യങ്ങളിലേക്ക് താത്കാലിക, ഹ്വസ്വകാല വിസകളുമായി പോയിട്ടുള്ളവരെ തിരികെയിക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണമെന്ന് വീണ്ടും അപേക്ഷിക്കുന്നു.

കേന്ദ്രസർക്കാർ പ്രവാസികളെ തിരികെയെത്തിക്കുകയാണെങ്കിൽ ചികിത്സ, പരിശോധന എന്നിവക്കായി സർക്കാർ സജ്ജമാണ്. തിരികെ എത്തുന്ന പ്രവാസികളെ സർക്കാർ സംരക്ഷിക്കും. രണ്ടര ലക്ഷം ക്വാറന്റൈൻ സൗകര്യം നിലവിൽ സജ്ജമാണ്.

20 ലക്ഷം പേർ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിയ അവസ്ഥയിലാണ്. വിദേശരാജ്യങ്ങളിൽ മലയാളികൾ മരിച്ചതോടെ പ്രവാസികൾക്ക് ആശങ്ക വർധിച്ചിട്ടുണ്ട്. വിദേശങ്ങളിൽ കുടുങ്ങിയ ബഹുഭൂരിപക്ഷവും ചെറിയ വരുമാനക്കാരും പരിമിതമായ സൗകര്യങ്ങൾ ഉള്ളവരുമാമ്. ഇത്തരക്കാർ കൂടുതൽ പ്രയാസത്തിലായെന്നാണ് മനസ്സിലാക്കുന്നത്.

സന്ദർശക വിസയിൽ അവിടെ പോയി കുടുങ്ങിയവർ, മക്കളെ കാണാൻ പോയവർ, ബിസിനസ്, അക്കാദമിക് ആവശ്യങ്ങൾക്കായി ചുരുങ്ങിയ കാലത്തേക്കായി പോയവർ ഇവരെയെല്ലാം തിരികെ എത്തിക്കണം. അടിയന്തരമായി വരേണ്ടവർക്കായി പ്രത്യേക വിമാനം വേണമെന്ന് ആവശ്യപ്പെട്ടത് അതുകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story