സ്പ്രിംക്ളർ വിവാദത്തിൽ വ്യക്തമായ മറുപടി നൽകാതെ മുഖ്യമന്ത്രി

സ്പ്രിംക്ളർ വിവാദത്തിൽ വ്യക്തമായ മറുപടി നൽകാതെ മുഖ്യമന്ത്രി

സ്പ്രിംക്ളർ കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ”നമ്മളിപ്പോൾ വൈറസിനെതിരെ പോരാടികൊണ്ടിരിക്കുകയാണല്ലോ. അപ്പോൾ ആ വൈറസിനെ നമുക്ക് എങ്ങനെയെല്ലാം ഒതുക്കാൻ കഴിയുമെന്ന് ശ്രദ്ധിക്കുന്നതാണ് നല്ലത്,” മുഖ്യമന്ത്രി പറഞ്ഞു.

സ്പ്രിംക്ളർ വിവാദം ശുദ്ധനുണയാണ്. അതിൽ മറുപടി പറയാൻ സൗകര്യമില്ലെന്നും തനിക്ക് മറ്റു കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പഴയ ‘മാധ്യമസിൻഡിക്കേറ്റ്’ വിവാദവും പരോക്ഷമായി സൂചിപ്പിച്ചു വിമർശനം ഉന്നയിച്ച മുഖ്യമന്ത്രി ചരിത്രം എല്ലാം തീരുമാനിക്കട്ടെ എന്നും പറഞ്ഞു.

 

ഇത്തരം കാര്യങ്ങളിലല്ല തനിക്കിപ്പോൾ നേരം ശ്രദ്ധിക്കാൻ മറ്റുകാര്യങ്ങളുണ്ട് അതിലാണ് ഇപ്പോൾ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത് ഇതിനൊന്നും പ്രതികരിക്കാൻ നിൽക്കുന്നില്ല അത് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്, പിണറായി വിജയൻ പറഞ്ഞു. പിണറായിയുടെ മകൾ വീണ വിജയന്‍റെ പേരിലുള്ള കമ്പനിയും സ്പ്രിംക്ളറുമായി ബന്ധമുണ്ടെന്ന ആരോപണത്തെക്കുറിച്ച് ”ഈ ആരോപണമൊക്കെ ഭയങ്കര ഗുരുതരമായ കാര്യല്ലേ” എന്ന് പിണറായി വിജയൻ പരിഹസിച്ചു. “അതൊന്നും ഇവിടെ പറയാൻ നിക്കണ്ട. അതൊക്കെ നാട്ടുകാർക്ക് മനസ്സിലായിക്കോളും,” മുഖ്യമന്ത്രി പറഞ്ഞു.

 

സി.പി.എം പോളിറ്റ് ബ്യൂറോയ്ക്ക് കേരളഘടകം നൽകിയ റിപ്പോർട്ട് തള്ളി എന്ന റിപ്പോർട്ടിനെയും പിണറായി പരിഹസിച്ചു. ”ചിലരിവിടെയിരുന്ന് പണ്ടും നുണക്കഥ മെനഞ്ഞിട്ടുണ്ട്. ഇതേ നഗരത്തിൽ ഒരു കേന്ദ്രത്തിലിരുന്ന് നാലഞ്ച് പേരിരുന്ന് ഓരോ വിവാദങ്ങൾ കുത്തിത്തിരിപ്പുണ്ടാക്കി പുറത്തിറക്കിക്കൊണ്ട് വന്നതിന്‍റെ ചരിത്രം ഒക്കെ എല്ലാവർക്കും ഓർമയുണ്ടല്ലോ. ‘സേവ് സിപിഎം’ ഫോറത്തിന്‍റെ നുണക്കഥ എല്ലാവർക്കും അറിയാമല്ലോ. അന്ന് ഞ‌ാനീ കസേരയിലല്ല.

മറ്റൊരു കസേരയിലാണ്. അവരിൽ ചിലർ പിന്നൊരു കാലത്ത് ചില ശീലങ്ങൾക്കൊക്കെ ഇടയിലിരുന്ന് പറയുകയാണ് , അതൊക്കെ ഞങ്ങള് കെട്ടിച്ചമച്ചതല്ലേ എന്ന്. അതൊക്കെ അറിയാമല്ലോ എല്ലാവർക്കും. ഇതൊക്കെ ചരിത്രത്തിന്‍റെ ഭാഗമാണ് കേട്ടോ. അതൊക്കെ കടന്നാണ് ഞാനിവിടെ വന്നിരുന്നത്. അതുകൊണ്ട് ഇതെന്നെ തളർത്തുമെന്ന് നിങ്ങൾ കരുതണ്ട. എനിക്ക് വേറെ പണിയുണ്ട്,” മുഖ്യമന്ത്രി പറഞ്ഞു.

Share this story