ഇളവുകളിൽ വ്യക്തത വരുത്താൻ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി; കേന്ദ്ര നിർദേശം ലംഘിച്ചിട്ടില്ലെന്ന് കേരളം

ഇളവുകളിൽ വ്യക്തത വരുത്താൻ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി; കേന്ദ്ര നിർദേശം ലംഘിച്ചിട്ടില്ലെന്ന് കേരളം

ലോക്ക് ഡൗൺ ഇളവുകളിൽ വ്യക്തത വരുത്താൻ ചീഫ് സെക്രട്ടറി ടോം ജോസിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. ലോക്ക് ഡൗൺ മാർഗനിർദേശങ്ങൾ കേരളം ലംഘിച്ചുവെന്ന കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. വാഹനനിയന്ത്രണത്തിൽ വരുത്തിയ ഇളവുകളെ കുറിച്ച് വ്യക്തത വരുത്താനും മുഖ്യമന്ത്രി ഡിജിപി ബെഹ്‌റയോട് നിർദേശിച്ചു

മാർഗ നിർദേശം കേരളം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തിൽ നിന്ന് വിശദീകരണം തേടിയിരുന്നു. ഈ പശ്ചാത്തലത്തിൽ ചേർന്ന യോഗത്തിലാണ് മുഖ്യമന്ത്രി ചീഫ് സെക്രട്ടറി ടോം ജോസിനോട് ഇളവുകളിൽ വ്യക്തത വേണമെന്ന് നിർദേശം നൽകിയത്.

നിയന്ത്രണത്തിൽ ഇളവു വരുത്തി പുറത്തിറക്കിയ ഉത്തരവ് പിൻവലിക്കാൻ കേന്ദ്രം നേരത്തെ ആവശ്യപ്പെട്ടിരുന്നു. മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പുതുക്കിയ ഉത്തരവ് ഇറക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടത്. അതേസമയം കേരളം കേന്ദ്രത്തിന്റെ മാർഗനിർദേശങ്ങൾ ലംഘിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തെറ്റിദ്ധാരണയെ തുടർന്നാണ് കേന്ദ്രം നോട്ടീസ് അയച്ചതെന്നും മന്ത്രി പ്രതികരിച്ചു

കേന്ദ്ര നിർദേശപ്രകാരമാണ് ഇളവുകൾ അനുവദിച്ചതെന്ന് ചീഫ് സെക്രട്ടറി ടോം ജോസും പ്രതികരിച്ചു. എല്ലാ കാര്യങ്ങളും കേന്ദ്രത്തെ ധരിപ്പിച്ചിട്ടുണ്ട്. കേന്ദ്രവുമായി ആശയവിനിയമം തുടരും. തിരുവനന്തപുരത്ത് കർശന നിയന്ത്രണം വേണ്ടി വരുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

Share this story